പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍; പിതാവിനും സൈനികര്‍ക്കും ബലിതര്‍പ്പണം

Jaihind Webdesk
Wednesday, April 17, 2019

വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി. കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്.

രാഹുല്‍ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തിരുന്നത്. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് രാഹുലും പ്രിയങ്കയും നാമിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അനുമതി ലഭിച്ചിരുന്നില്ല.

1991ല്‍ പിതാവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിക്കരയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് മധുര സ്മരണകളും സന്ദര്‍ഭങ്ങളും മനസ്സിലേയ്ക്ക് എത്തിയെന്ന് പിന്നീട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാവിലെ കണ്ണൂരില്‍നിന്നാണ് രാഹുല്‍ഗാന്ധി തിരുനെല്ലിയിലെത്തിയത്.  തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡില്‍ പത്തു മണിയോടെയാണ് രാഹുല്‍ഗാന്ധി ഹെലികോപ്റ്റര്‍ ഇറങ്ങിയത്.

ക്ഷേത്രത്തിലെത്തി തൊഴുത രാഹുല്‍ഗാന്ധി പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു.  എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം മുക്കാല്‍ കിലോമീറ്ററോളം ഉള്ള കാല്‍നട യാത്രക്കൊടുവില്‍ പാപനാശിനിയിലെത്തിയ രാഹുല്‍ ഗാന്ധി പൂജാരിമാര്‍ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി പിതാവ് രാജീവ് ഗാന്ധിക്കും സൈനികര്‍ക്കുമായി ബലിതര്‍പ്പണം നടത്തി.