
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ജാഫര്‍പൂര്‍ കലാന്‍ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലേബര്‍ കോളനിയിലെ തൊഴിലാളികള്‍ പാര്‍ട്ടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
സമീപത്ത് താമസിക്കുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ബഹളത്തെക്കുറിച്ച് പരാതിപ്പെടാന്‍ എത്തിയതായിരുന്നു. തൊഴിലാളികളുമായുള്ള വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ഉദ്യോഗസ്ഥന്‍ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാള്‍ നിലവില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ പൊലീസുകാരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തിരച്ചിലിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.