ഈ സ്‌നേഹം അതിശയകരം; എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി, വീണ്ടും വരും; യാത്ര പറഞ്ഞ് മെസ്സി

Jaihind News Bureau
Monday, December 15, 2025

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായി.
പര്യടനത്തിന്റെ അവസാന ദിനമായ ഇന്ന് ഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം, തന്റെ എല്ലാ ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചാണ് താരം യാത്രയായത്.

‘ഇന്ത്യയില്‍ ഈ ദിവസങ്ങളില്‍ നിങ്ങള്‍ ഞങ്ങളോട് ചൊരിഞ്ഞ എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. ഈ അനുഭവം ഞങ്ങള്‍ക്ക് ശരിക്കും സവിശേഷമായിരുന്നു. ഈ യാത്ര ചെറുതും തിരക്കേറിയതുമായിരുന്നുവെങ്കിലും, ഇത്രയധികം സ്‌നേഹം ലഭിച്ചത് അതിശയകരമായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഞങ്ങളോട് സ്‌നേഹമുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ഇത്ര അടുത്ത് അനുഭവിക്കാന്‍ കഴിഞ്ഞത് ശരിക്കും അവിശ്വസനീയമായിരുന്നു. ഈ ദിവസങ്ങളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതെല്ലാം അത്ഭുതകരമാണ്. ഇതെല്ലാം ഒരുതരം മനോഹരമായ ഭ്രാന്തായിരുന്നു. ഈ സ്‌നേഹത്തിനെല്ലാം നന്ദി.’

വിടവാങ്ങല്‍ പ്രസംഗത്തില്‍ താന്‍ വീണ്ടും ഇന്ത്യയിലേക്ക് വരുമെന്നും മെസ്സി ഉറപ്പുനല്‍കി. ‘ഒരു മത്സരം കളിക്കാനോ മറ്റേതെങ്കിലും അവസരത്തിനോ വേണ്ടി ഞങ്ങള്‍ തീര്‍ച്ചയായും എന്നെങ്കിലും തിരിച്ചെത്തും, പക്ഷേ ഒരു കാര്യം ഉറപ്പാണ് ഞങ്ങള്‍ വീണ്ടും ഇന്ത്യയിലേക്ക് വരും. വളരെ നന്ദി, നന്ദി,’ മെസ്സി പറഞ്ഞു.

ഐ.സി.സി. ചെയര്‍മാന്‍ ജയ് ഷാ, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും മെസ്സിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്ക് ജയ് ഷാ മെസ്സിയെ ഔദ്യോഗികമായി ക്ഷണിക്കുകയും ടിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു. മെസ്സിയോടൊപ്പം സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഡല്‍ഹിയിലെത്തി.

ശനിയാഴ്ച കൊല്‍ക്കത്തയിലാണ് ഗോട്ട് ഇന്ത്യ ടൂറിന് തുടക്കമായത്. തുടര്‍ന്ന് ഹൈദരാബാദിലും മുംബൈയിലും മെസ്സി സന്ദര്‍ശനം നടത്തി. മുംബൈയില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായും ഇന്ത്യന്‍ ഫുട്ബോളിന്റെ നായകന്‍ സുനില്‍ ഛേത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൊല്‍ക്കത്തയില്‍ നടന്ന പര്യടനത്തിന്റെ ആദ്യ ദിനം സ്റ്റേഡിയത്തില്‍ ആരാധകര്‍ അക്രമാസക്തരായതും ടിക്കറ്റ് നല്‍കിയവര്‍ക്ക് താരത്തെ കാണാന്‍ കഴിയാതിരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ അവസാന ദിനം കനത്ത സുരക്ഷയില്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് അവസാനിച്ചത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളേക്കാള്‍ 20 ഇരട്ടിയിലധികം മലിനീകരണം രേഖപ്പെടുത്തിയ ഡല്‍ഹിയിലെ വിഷവായുവിനെ പോലും വകവെക്കാതെയാണ് ആയിരക്കണക്കിന് ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ എത്തിയത്.