എറണാകുളത്തെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം: വി ഡി സതീശന്‍

Jaihind News Bureau
Monday, December 15, 2025

തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യു.ഡി.എഫ്. നേടിയ തിളക്കമാര്‍ന്ന വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിജയത്തിനായി പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു.

ഏത് തിരഞ്ഞെടുപ്പിലെയും വിജയം മുന്നൊരുക്കങ്ങളെ ആശ്രയിച്ചിരിക്കും. അതിനാല്‍, കോണ്‍ഗ്രസിന് വോട്ട് ചെയ്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. യു.ഡി.എഫ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം മുന്നണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നല്ല കമ്മ്യൂണിസ്റ്റുകാര്‍ പലരും ഈ തവണ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. അത്തരം നല്ല കമ്മ്യൂണിസ്റ്റുകാരെയും ഇടതു സഹയാത്രികരെയും കണ്ടാല്‍ ചിരിക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമേ ജനങ്ങളോട് പറയാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ കേരളത്തെ വെന്റിലേറ്ററില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് ആരോഗ്യവാനാക്കണം. അതിനുവേണ്ട പദ്ധതികള്‍ യു.ഡി.എഫ്. രൂപീകരിക്കണം. വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി എറണാകുളം ജില്ലയില്‍ നിന്ന് 14-ല്‍ 14 സീറ്റും നേടി സമ്പൂര്‍ണ്ണ വിജയം കൈവരിക്കണമെന്നും വി.ഡി. സതീശന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.