
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള ബി.ജെ.പി. ഭരണകൂടത്തിന്റെ നീക്കം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇകഴ്ത്താനുള്ള ശ്രമമാണെന്ന് കെ.പി.സി.സി. പ്രസിഡന്റും എം.എല്‍.എ.യുമായ സണ്ണി ജോസഫ് ആരോപിച്ചു. ചരിത്രം വെട്ടിമാറ്റിയും ദേശീയ നേതാക്കളെ തമസ്‌കരിച്ചും മുന്നോട്ട് പോകുക എന്നത് ബി.ജെ.പി. അധികാരത്തില്‍ വന്നത് മുതലുള്ള അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പേര് മാറ്റ പ്രക്രിയയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ്. ഗാന്ധി സ്മരണകളെ ബി.ജെ.പി. എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണങ്ങള്‍. ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന രാഷ്ട്രപിതാവിന്റെ പേര് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പദ്ധതിയോട് സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് പേര് മാറ്റുകയല്ല, മറിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വേതനം കൃത്യസമയത്ത് നല്‍കുകയാണ്. അതോടൊപ്പം, നിലവിലെ 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയര്‍ത്തി പദ്ധതി മെച്ചപ്പെടുത്താനും കേന്ദ്രം തയ്യാറാകണം. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചത്. ഫണ്ട് ചെലവാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നു. തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചു. സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കാവുന്ന പദ്ധതി വീത തുക 60% ആക്കി പരിമിതപ്പെടുത്തി. മോദി സര്‍ക്കാര്‍ ഓരോ ബജറ്റിലും ഈ പദ്ധതിക്കായി അനുവദിക്കുന്ന തുക ഘട്ടം ഘട്ടമായി വെട്ടിക്കുറച്ചെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.