അമേരിക്കയിൽ ഭരണസ്തംഭനം തുടരുന്നു. ടെക്സസിൽ എത്തിയ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ വേണ്ടിവന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
570 കോടി യുഎസ് ഡോളറാണ് മതിൽ നിർമാണത്തിന് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുകയാണ് മതിലിന്റെ ലക്ഷ്യം. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാൽ, മതിൽ നിർമാണത്തെ കോൺഗ്രസിൽ ഡെമോക്രാറ്റുകൾ നിരന്തരം എതിർത്തു വരികയാണ്.
ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു പ്രതിപക്ഷ ഡെമോക്രാറ്റുകളുമായി ബുധനാഴ്ച വൈറ്റ്ഹൗസിൽ നടത്തിയ ചർച്ച അലസിയതിനെത്തുടർന്നു ട്രംപ് വാക്കൗട്ട് നടത്തിയിരുന്നു. അതേസമയം കഴിഞ്ഞദിവസം ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഇതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപനനീക്കം തടയാൻ ജനപ്രതിനിധി സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് ന്യൂയോർക്കിൽനിന്നുള്ള പ്രതിനിധി ഗ്രേസ് മെംഗ് പറഞ്ഞു. കോടതിയെ സമീപിക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്. ഇതിനിടെ 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശമ്പളം മുടക്കി തുടരുന്ന ഭരണസ്തംഭനം 21 ദിവസം പിന്നിട്ടു.