പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടും ഭീകരാക്രമണത്തിന്റെ പ്രാഥമിക അന്വേഷണവും വിരല്‍ചൂണ്ടുന്നത് ആക്രമണത്തിന് പിന്നിലുള്ള പാകിസ്ഥാന്റെ പങ്കാണ്. ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തെ നിര്‍ണായക വിവരങ്ങളടക്കം ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ലോകനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഏറ്റവും മോശം ആക്രമണമാണ് ഇന്ത്യയ്ക്കു നേരെയുണ്ടായതെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളുമായും സമ്പര്‍ക്കം തുടരുകയാണ്. ഭീകരാക്രമണത്തിനെതിരെ യുഎന്‍ രക്ഷാസമിതി ആഞ്ഞടിച്ചിരുന്നു. ഭീകരര്‍ക്കെതിരായ നീക്കങ്ങളില്‍ കൂടെനില്‍ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും യുഎന്‍ രക്ഷാസമിതി അറിയിച്ചു.
അതേസമയം നദീജല കരാര്‍ മരവിപ്പിച്ചതിനെ സംബന്ധിച്ച് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര കുറിപ്പും കൈമാറി. ഇതോടെ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ മാറിയാല്‍ യുദ്ധം എന്ന ഭീഷണിയാണ് പാകിസ്ഥാന്‍ നല്‍കുന്നത്. പാക് ആണവരാഷ്ട്രമാണെന്ന് മറക്കരുതെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ ഇന്നത്തെ മുന്നറിയിപ്പ്. അതിനിടയില്‍ നിയന്ത്രണരേഖ മറികടന്ന് പലതവണ പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാവുകയാണ്. എന്നാല്‍ അതിനെല്ലാം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇതിനോടകം കശ്മീരിലെ ഭീകരരും അവര്‍ക്ക് സഹായമേകിയവരുമായ 7 പേരുടെ വീടുകള്‍ സുരക്ഷാസേന തകര്‍ത്തു കഴിഞ്ഞു.
ഇന്ത്യ ഏത് രീതിയില്‍ തിരിച്ചടി നല്‍കുമെന്ന കാര്യത്തിലെ ആശങ്കയാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നത്. അത് തന്നെയാണ് ഇന്ത്യയ്ക്കു നേരെ പ്രകോപനപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതും. ആളപായങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിയന്ത്രണ രേഖയിലുള്ള പാകിസ്ഥാന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട്ിരിക്കുകയാണ് ഇന്ത്യന്‍ സൈനികരും. ഇന്ത്യയെ എങ്ങനെ നേരിടണമെന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാനില്‍ തകൃതിയായി ചര്‍ച്ച നടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്ത് ഇന്ത്യയെ നേരിടാന്‍ തയാറെടുക്കുകയാണ് പാകിസ്ഥാന്‍. അതിന്റെ ഭാഗമായിട്ടാണ് ഭീഷണിയും ആക്രമണങ്ങളും. അതിനാല്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളാണ് പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്നത്.