പാലക്കാട് ചെങ്കൊടി ഉപേക്ഷിച്ച് മൂവര്‍ണക്കൊടിക്കീഴിലേക്ക്; 75 പേര്‍ സി.പി.എം വിട്ട് കോണ്‍ഗ്രസില്‍; സന്ദീപ് വാര്യരും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് സ്വീകരിച്ചു

Jaihind Webdesk
Friday, December 20, 2024

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തലവേദനയായി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്. തേന്‍കുറിശ്ശി പഞ്ചായത്തില്‍ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാര്‍ട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വ വിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 75 ഓളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരെ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പരാമര്‍ശത്തിലും പാര്‍ട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതയിലും മനംമടുത്ത് സി.പി.എം നടുവണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടുവണ്ണൂര്‍ നിയാഡ്കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഷാള്‍ അണിയിച്ച് അക്ബറലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.