കോണ്‍ഗ്രസിന്റെ ഐതിഹാസിക വിജയം സിപിഎം ഉള്‍ക്കൊള്ളുന്നില്ല: മുല്ലപ്പള്ളി

Jaihind Webdesk
Saturday, December 15, 2018

Mullappally-Ramachandran-PC

ഹിന്ദി ഹൃദയഭൂവില്‍ കോണ്‍ഗ്രസ് കൈവരിച്ച ഉജ്വല വിജയം അംഗീകരിക്കാന്‍ സിപിഎം തയാറാകുന്നില്ലെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി- സിപിഎം ബന്ധത്തിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്.  ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലകളുടെയും പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെയും യോഗം കെപിസിസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാട് സ്വീകരിച്ചിരിക്കുന്ന പാര്‍ട്ടി സിപിഎമ്മാണ്. അതിന്റെ പ്രകടമായ തെളിവാണ് പാര്‍ട്ടി പത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം. കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിച്ചത് സിപിഎമ്മിന് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഹിന്ദുത്വശക്തികളുമായുള്ള സിപിഎമ്മിന്‍റെ ബന്ധവും അവരുടെ കപട ന്യൂനപക്ഷസ്‌നേഹത്തിന്റെ പൊയ്മുഖവുമാണ് പുറത്തുവന്നത്.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കാമെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാത്തതാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ നാണംകെട്ട പരാജയത്തിന്റെ പ്രധാന കാരണം. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ലഭിച്ചത് കേവലം രണ്ടു സീറ്റാണ്. തെലുങ്കാനയിലെ രാമഗുണ്ടത്ത് സിപിഎമ്മിനു ലഭിച്ചത് 543 വോട്ട് ഇടതുപക്ഷ പാര്‍ട്ടികള്‍പോലും ഒറ്റക്കെട്ടായല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ബിജെപിയെ അധികാരത്തില്‍ നിന്നു നീക്കാനുള്ള ഭരണസംവിധാന നേതൃത്വം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമായിരിക്കും രൂപം കൊള്ളുകയെന്ന കോടിയേരിയുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ചേരിക്കൊപ്പം നിന്ന് പോരാടാന്‍ സിപിഎം ഉണ്ടാകില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജനാധിപത്യ മതേതരചേരികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ബിജെപി ജയിക്കുകയും ചെയ്യുമെന്ന സിപിഎമ്മിന്‍റെ മനസിലിരിപ്പാണ് പുറത്തുവന്നത്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള പാലം മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളുമാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കേരളത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.