കടക്കെണിയിൽ പെടുന്നവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് ഒരു പ്രത്യേക നിയമസഭാ സമിതി രൂപീകരിക്കണം.: വി.എം.സുധീരൻ

Jaihind News Bureau
Wednesday, December 12, 2018

V.M.-Sudheeran

കടക്കെണിയിൽ പെടുന്നവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് ഒരു പ്രത്യേക നിയമസഭാ സമിതി രൂപീകരിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. സർഫാസി നിയമപ്രകാരമുള്ള ജപ്തിനടപടികൾ കാരണം വഴിയാധാരമാക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടിൽ 8000 ത്തോളം കർഷകർ ജപ്തി ഭീഷണി നേരിടുന്നതായി നേരത്തേ മാധ്യമ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളത്ത് ഇടപ്പള്ളിയിൽ പ്രീതഷാജി ദമ്പതിമാർ സർഫാസി നിയമത്തിന്റെ ഇരയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്കവറി ഓഫീസറും റിയൽ എസ്‌റ്റേറ്റ് മാഫിയയും ചേർന്ന് നടത്തിയ ചതിപ്രയോഗത്താൽ ഇവർ തെരുവിലിറങ്ങേണ്ടി വന്ന സംഭവം ഇന്ന് സജീവ ചർച്ചാവിഷമാണെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സർഫാസി നിയമത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർ ആയിരക്കണക്കിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയാനന്തര കേരളത്തിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

ചികിൽസാ ചെലവ് കാരണം കടക്കെണിയിലായവർക്ക് മനുഷ്യത്വപരമായ സഹായമേകാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ബഹു. ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബഹു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഈ നിരീക്ഷണം. സർഫാസി നിയമപ്രകാരമുള്ള ജപ്തി കാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയാൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇത്. ബഹു.ഹൈക്കോടതിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്.

കടക്കെണിയിൽ പെടുന്നവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ പ്രത്യേക സമിതിക്ക് രൂപം നൽകുന്നത് ഉചിതമായിരിക്കും. ഇക്കാര്യം ബഹു. സ്പീക്കർ, ബഹു. മുഖ്യമന്ത്രി, ബഹു. പ്രതിപക്ഷ നേതാവ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ക്രിയാത്മകായ ഒരു പ്രതികരണമാണ് മൂവരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ബഹു. ഗവർണറെ നേരിട്ടുകണ്ട് സർഫാസി നിയമം മൂലം വഴിയാധാരമാക്കപ്പെടുന്നവരുടെ ദയനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമം പൊളിച്ചെഴുതേണ്ടതാണെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.