സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്; ഈ മാസം 28ന് ചോദ്യം ചെയ്യും

Jaihind Webdesk
Friday, April 21, 2023

ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയണെന്നും പ്രധാന മന്ത്രി ഈ കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞെന്ന് പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ജമ്മു കശ്മീർ മുൻ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്.

കശ്മീരിൽ റിലയൻസിന്‍റെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ ആർ.എസ്.എസ് നേതാവും ബി.ജെ.പി മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയുമായ രാം മാധവ് തന്നെ വീട്ടിൽ വന്നു കണ്ടിരുന്നുവെന്നായിരുന്നു സത്യപാലിന്‍റെ വെളിപ്പെടുത്തല്‍, ഇതിലാണ് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അതേസമയം പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നും പ്രധാന മന്ത്രിയോട് ഈ കാര്യം പറഞ്ഞപ്പോള്‍ മിണ്ടരുതെന്ന് പറഞ്ഞെന്നും സത്യപാൽ മാലിക് ആരോപിച്ചിരുന്നു. വിമർശനം മുന്‍ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവെച്ചിരുന്നു. പക്ഷെ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.