ഹൈക്കോടതിയില്‍ വനിതാ ജഡ്ജിമാരുടെ ഫുള്‍ ബെഞ്ച് സിറ്റിംഗ് നടത്തും, ചരിത്രത്തില്‍ ആദ്യം; മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Jaihind Webdesk
Tuesday, March 8, 2022

 

കൊച്ചി : ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. അതേ സമയം വനിതാ ദിനം പ്രമാണിച്ച് കൊച്ചി മെട്രോയിൽ ഇന്ന് സ്ത്രീകൾക്ക് പൂർണമായും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം.ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുള്‍ ബെഞ്ചിന്‍റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് പരിഗണിക്കുന്നത്. നേരത്തെ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെയാണ് ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.

വനിതാ ദിനത്തിൽ കൊച്ചി മെട്രോയിൽ ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക.