കെ മുരളീധരന്‍ നയിക്കുന്ന പ്രചാരണ പദയാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി

Jaihind Webdesk
Wednesday, November 14, 2018

K-Muraleedharan-Yathra-59

കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്രയുടെ നാലാം ദിന പര്യടനം അടൂരിൽ സമാപിച്ചു. പ്രചരണ പദയാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് യാത്രയിലുടനീളം ലഭിക്കുന്നത്. ജനപങ്കാളിത്തവും ആരവങ്ങളും യാത്രയ്ക്ക് കൂടുതൽ ആവേശം പകർന്നു. അഞ്ച് ദിവസം നീണ്ടുനിന്ന പ്രചരണ പദയാത്ര നാളെ സമാപിക്കും.

ജനപങ്കാളിത്വം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പത്തനംതിട്ടയിലേക്ക് കടന്ന യാത്രയ്ക്ക് ജില്ലാ അതിർത്തിയായ ഏനാത്ത് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജിന്‍റെയും ആന്‍റോ ആന്‍റണി എം.പിയുടെയും നേതൃത്വത്തിൽ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ ആവേശോജ്വലമായ സ്വീകരണമാണ് നൽകിയത്.

K-Muraleedharan-Yathra-57

തുടർന്ന് ഇരു ജില്ലകളിലേയും പ്രവർത്തകർക്കൊപ്പം അടൂരിലെത്തിയ പദയാത്രയുടെ നാലാം ദിന പര്യടനം സമാപിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ആന്‍റോ ആന്‍റണി എം.പി, അടൂർ പ്രകാശ് എം.എൽ.എ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

നാളെ രാവിലെ അടൂരിൽ നിന്നും പദയാത്രയുടെ അവസാന ദിന പര്യടനം ആരംഭിക്കും. വിശ്വാസ സംരക്ഷണത്തിന്‍റെ ആവശ്യകത വ്യക്തമാക്കിയുള്ള യാത്രയിൽ പതിനായിരങ്ങൾ അനുഗമിക്കും. തുടർന്ന് ഉച്ചയോടെ വിവിധ മണ്ഡലം കമ്മിറ്റികളുടെ സ്വീകരണം ഏറ്റുവാങ്ങി കൈപ്പട്ടൂരിലെത്തുന്ന യാത്ര വൈകിട്ടോടെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്കൊപ്പം സംഗമിച്ച് മഹാസംഗമ വേദിയായ പത്തനംത്തിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും. ഒരു ലക്ഷത്തിൽപ്പരം പ്രവർത്തകർ മഹാസംഗമത്തിൽ അണിചേരും.

K-Muraleedharan-Yathra-59

കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാർ , എം.എൽ.എമാർ കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളും മഹാസംഗമത്തിൽ പങ്കെടുക്കും.