സംസ്ഥാന സർക്കാർ ചെയ്യുന്നത് നെറികെട്ട പ്രവർത്തനങ്ങള്‍ ; മുഖ്യമന്ത്രി കല്ലിനു കാറ്റുപിടിച്ചതുപോലെ : കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, November 12, 2021

കണ്ണൂർ : ഒരു മുഖ്യമന്ത്രിയും സർക്കാരും ചെയ്യാത്ത നെറികെട്ട പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് വിവാദത്തിൽ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നിയമസഭയില്‍ തടര്‍ച്ചയായ ദിവസങ്ങളില്‍ യുഡിഎഫ് എംഎല്‍എ മാര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയായിരുന്നു. സി എ ജി റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

തന്‍റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പരസ്യമായി പോര്‍വിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതില്‍ നിന്നു പുറത്തുവരുന്നത്.മന്ത്രിമാർ രാജിവെക്കേണ്ട സമയം കഴിഞ്ഞു നിയമസഭയിൽ കളവ് പറഞ്ഞ മന്ത്രി മാർ രാജി വയ്ക്കണം. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം നിയമസഭയിൽ കളവ് പറഞ്ഞ റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ള മന്ത്രിമാർ രാജി വയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു