കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര മലപ്പുറം ജില്ലയില്‍

Jaihind Webdesk
Tuesday, November 13, 2018

K-Sudhakaran-Yathra-35

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മലപ്പുറം ജില്ലയിൽ പര്യടനം ആരംഭിച്ചു. കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണ പൊതുയോഗം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥാനായകനെ വരവേറ്റത്. ശബരിമല വിഷയത്തിൽ ഇപ്പോഴും മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് പ്രതികരിക്കുന്നതെന്നും ജീവിക്കുന്ന ഫാസിസ്റ്റാണ് പിണറായി വിജയനെന്നും കെ സുധാകരൻ പറഞ്ഞു.

സമീപകാല ചരിത്രത്തിൽ ഏറ്റവും ജനപങ്കാളിത്തമുള്ള പ്രചാരണ പരിപാടിക്കാണ് മലപ്പുറം ജില്ല സാക്ഷ്യം വഹിക്കുന്നത്. ഐക്കരപ്പടിയിൽ വെച്ച് ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശിന്‍റെ നേതൃത്വത്തിൽ കെ.പി.സി.സി നേതാക്കളും ഡി.സി.സി ഭാരവാഹികളും ചേർന്ന് ജാഥാനായകനെ സ്വീകരിച്ച് കൊണ്ടോട്ടിയിലേക്ക് ആനയിച്ചതോടെയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ആയിരക്കണക്കിന് പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ കെ സുധാകരനെ സ്വീകരിക്കാനെത്തിയത്.

കൊണ്ടോട്ടിയിൽ നടന്ന സ്വീകരണ പൊതുയോഗം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ആർജവം ഉണ്ടെങ്കിൽ പൊലീസ് കേസെടുത്ത് ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു. എം.എൽ.എ മാരായ എ.പി അനിൽകുമാർ, ടി.വി ഇബ്രാഹിം, കെ.എന്‍.എ ഖാദർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

നിലമ്പൂരിലും ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങൾ കെ സുധാകരന്‍റെ വിശ്വാസ സംരക്ഷണയാത്രയിൽ പങ്കാളികളായി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ വണ്ടൂരിലാണ് വിശ്വാസ സംരക്ഷണയാത്ര പര്യടനം നടത്തിയത്. വണ്ടൂരിന്‍റെ ജനനായകൻ എ.പി അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കെ സുധാകരനെ സ്വീകരിച്ചു. നൂറുകണക്കിന് യുവാക്കളുടെ മുദ്രാവാക്യം വിളിയോടെയാണ് കെ സുധാകരനെ വേദിയിലെത്തിച്ചത്. വണ്ടൂരിൽ നടന്ന പൊതുയോഗം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥാ ക്യാപ്റ്റന്‍ കെ സുധാകരന്‍ നടത്തിയത്. ശബരിമല വിഷയത്തിൽ ഇപ്പോഴും മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് പ്രതികരിക്കുന്നതെന്നും
ജീവിക്കുന്ന ഫാസിസ്റ്റാണ് പിണറായി വിജയനെന്നും കെ സുധാകരൻ പറഞ്ഞു. പിണറായിയുടെ കീഴിൽ പോലീസ് സമ്പൂർണ പരാജയമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനം പുതിയ രാഷ്ട്രീയ ചരിത്രമാണ് രചിക്കുന്നത്.