വനംകൊള്ള : കണ്ണില്‍പൊടിയിട്ട് തടിയൂരാന്‍ വനം വകുപ്പിന്‍റെ നീക്കം

Jaihind Webdesk
Thursday, July 8, 2021

കോഴിക്കോട് : മരംകൊള്ളയിൽ കേസുകൾ അട്ടിമറിക്കപ്പെടുമെന്നു സൂചന. പൊലീസ് നടപടിയിൽ നിന്ന് തടി രക്ഷിക്കാൻ തൽക്കാലം കേസെടുക്കാനും പിന്നീട് വകുപ്പ് തന്നെ ഇടപെട്ട് കേസ് ഒഴിവാക്കിയെടുക്കാമെന്നുമാണ് വനം ജീവനക്കാർക്ക് നൽകിയിരിക്കുന്ന സന്ദേശം. മരം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം പൂർണമായും വനം വകുപ്പിനാണെന്നും വില്ലേജ് ഓഫിസർമാരെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

വിചിത്രമായ നിർദേശമാണ് വനം വകുപ്പ് ജീവനക്കാർക്ക് വാട്സാപ് ഗ്രൂപ്പുകളിൽ ലഭിക്കുന്നത്. ‘‘മരം നഷ്ടപ്പെട്ടതിൽ അടിയന്തരമായി ഉടമയ്ക്കെതിരെ കേസെടുക്കണം. ഇല്ലെങ്കിൽ വനം വകുപ്പ് ജീവനക്കാരെ കൂടി പ്രതികളാക്കി പൊലീസ് കേസെടുക്കും. കേസിന് നിയമസാധുതയുണ്ടോ എന്നൊന്നും ഇപ്പോൾ പരിശോധിക്കേണ്ടതില്ല. പിന്നീട് ഇതെല്ലാം പരിശോധിച്ച് ഒഴിവാക്കിയെടുക്കാം. പക്ഷേ, പൊലീസ് കേസെടുത്താൽ രക്ഷിക്കാൻ വനം വകുപ്പിന് സാധിക്കില്ല–’’ ജീവനക്കാർക്ക് ലഭിച്ച ഒരു സന്ദേശത്തിൽ പറയുന്നു. ആരാണ് സന്ദേശം നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല.

മറ്റൊരു സന്ദേശത്തിൽ വനം മേധാവിയുടെ നിർദേശമെന്ന് സൂചിപ്പിച്ചാണ് ഇതേ കാര്യങ്ങൾ പറയുന്നത്. കേസെടുത്തതിന്‍റെ വിശദാംശങ്ങൾ ക്രോഡീകരിച്ച് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതുണ്ടെന്നും അടിയന്തര നടപടി എടുത്തില്ലെങ്കിൽ ക്രൈം ബ്രാഞ്ച് കേസിൽ വനം ഉദ്യോഗസ്ഥർ പ്രതികളാവുന്ന സാഹചര്യം വരുമെന്നും ഈ സന്ദേശത്തിൽ പറയുന്നു.

അതേസമയം ഭൂമിയുടെ കൈവശാവകാശ സർഫിക്കറ്റ് നൽകിയതിന്റെ പേരിൽ വില്ലേജ് ഓഫിസർമാരെ കേസിൽ കുടുക്കാനുള്ള ശ്രമമുണ്ടെന്ന് ആരോപിച്ചാണ് റവന്യു ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. മരത്തിന്റെ സംരക്ഷണം വനം വകുപ്പിന്റെ ചുമതലയാണെന്നിരിക്കെ, റവന്യു ജീവനക്കാരെ കേസിൽ കുടുക്കാൻ അനുവദിക്കില്ലെന്നും സംഘടനയുടെ സന്ദേശത്തിൽ പറയുന്നു.

കർഷകരുടെ പേരിൽ വ്യാപകമായി കേസെടുത്ത് ജനകീയ പ്രക്ഷോഭം ഇളക്കിവിട്ട് തടിയൂരുക എന്ന തന്ത്രമാണ് വനം വകുപ്പ് പയറ്റുന്നതെന്ന ആരോപണവും ഇതിനിടെ ഉയർന്നു കഴിഞ്ഞു. കർഷകന് അവകാശപ്പെട്ട മരങ്ങൾ മുറിച്ചതും സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങൾ മുറിച്ചതും കൂട്ടിക്കുഴച്ച് കേസെടുക്കുന്നതോടെ വൻ പ്രതിഷേധം ഉയരുമെന്നും അതോടെ എല്ലാ കേസുകളും ഉപേക്ഷിക്കപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.