സംസ്ഥാനത്തിന്‍റെ പൊതുകടം വർധിച്ചത് ഇരട്ടിയിലേറെ ! ഓരോ മലയാളിയുടെയും കടം 80,000 കടന്നു

Jaihind News Bureau
Tuesday, March 9, 2021

 

പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്‍റെ പൊതുകടത്തിലുണ്ടായ വർധനവ് 2 ലക്ഷത്തോളം കോടിയെന്ന് കണക്കുകള്‍. ഇതോടെ സംസ്ഥാനത്തിന്‍റെ ആകെ പൊതുകടം മൂന്ന് ലക്ഷം കോടിക്ക് അടുത്തെത്തി. ആളോഹരി കടം 80,000 രൂപയിലേറെയായും ഉയർന്നു. അതായത് എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുണ്ടായത് ഇരട്ടിയോളം വർധനവ്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഒരുലക്ഷത്തി ഒന്‍പതിനായിരം കോടിയായിരുന്നു സംസ്ഥാനത്തിന്‍റെ പൊതുകടം. ഇതാണ് ഇപ്പോള്‍ മൂന്ന് ലക്ഷം കോടിക്ക് അടുത്തെത്തി നില്‍ക്കുന്നത്.  2,96,916 രൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ പൊതുകടം. 2016-17 കാലയളവില്‍ 16,152 കോടിയും, 2017-18 കാലയളവില്‍ 17,101 കോടിയും, 2018-19 കാലയളവില്‍ 15,250 കോടിയും, 2019-20 കാലയളവില്‍ 16,406 കോടിയും, 2020-21 കാലയളവില്‍ 19,548 കോടിയുമാണ് കടമെടുത്തത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ളതാണ് ഈ കണക്കുകള്‍.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷന്‍ ഇനത്തിലും പ്രതിമാസം  3,969 കോടി രൂപയാണ് ആവശ്യമായി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനം 61,670 കോടി രൂപയാണ്. എന്നാല്‍ പൊതുകടം കുത്തനെ കൂടുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ധൂർത്ത് കുറയ്ക്കാന്‍ സർക്കാർ തയാറായതേയില്ല എന്നതാണ് വിചിത്രമായ വസ്തുത.