ദുബായില്‍ ഈ വര്‍ഷം ആദ്യ ആറ് മാസത്തില്‍ എത്തിയത് 83 ലക്ഷം ടൂറിസ്റ്റുകള്‍; ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

Jaihind News Bureau
Saturday, August 17, 2019

ദുബായ് : ദുബായില്‍ ഈ വര്‍ഷം ആദ്യ ആറ് മാസത്തില്‍ 83 ലക്ഷം ടൂറിസ്റ്റുകള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകമായ ടൂറിസത്തിന് വലിയ പ്രധാന്യം നല്‍കുന്നതാണ് ഈ കണക്കുകള്‍. ഇതനുസരിച്ച് 2018 ലെ ആദ്യ ആറുമാസത്തെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സന്ദര്‍ശകരില്‍ മൂന്ന് ശതമാനം നേട്ടം ഉണ്ടായതായി ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു.

ഇന്ത്യക്കാരാണ് ദുബായ് സന്ദര്‍ശിച്ചവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏകദേശം പത്തുലക്ഷം ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ദുബായ് സന്ദര്‍ശിച്ചത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഈദ് അവധി ദിവസങ്ങളില്‍ ദുബായിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

അതേസമയം ദുബൈയ് സന്ദർശിച്ച ചൈനക്കാരുടെ എണ്ണത്തിലും വര്‍ധന വന്നു. ആറ് മാസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തോളം ചൈന സ്വദേശികള്‍ ദുബായിലെത്തി. ഇതോടൊപ്പം ഹോട്ടല്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധന കൈവരിച്ചതായി ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു.