കണ്ണൂരിലെത്താന്‍ 7 മണിക്കൂർ, എട്ട് സ്റ്റോപ്പുകള്‍; വന്ദേ ഭാരത് ഏപ്രില്‍ 25ന് ഫ്ലാഗ് ഓഫ് ചെയ്യും

Jaihind Webdesk
Friday, April 14, 2023

 

തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. ഈ മാസം 22ന് ട്രെയിന്‍ ട്രയൽ റൺ നടക്കും. എട്ടിടങ്ങളിൽ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. ഇന്ന് വൈകിട്ടോടെ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. വൈകാതെ ​ട്രെയിനിന്‍റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. 52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. കേരളത്തിൽ എക്സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്. ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ ട്രെയിനെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും വന്ദേഭാരത് സർവീസ് ആരംഭിക്കുക. എട്ട് സ്റ്റോപ്പുകളായിരിക്കും കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിൽ സർവീസ് നടത്തുക.

പരമാവധി മണിക്കൂറിൽ 160 കിലോ മീറ്ററാണ് വന്ദേഭാരതിന്‍റെ വേഗത. പക്ഷേ കേരളത്തിൽ വന്ദേഭാരത് ഈ വേഗത്തിൽ സഞ്ചരിക്കില്ല. പരമാവധി മണിക്കൂറിൽ 100-110 കിലോ മീറ്ററിനടുത്തായിരിക്കും കേരളത്തിൽ വന്ദേഭാരതിന്‍റെ വേഗത. പൂർണമായും ശീതികരിച്ച വന്ദേഭാരതിൽ രണ്ട് ക്ലാസുകളുണ്ടാവും. ചെയർ കാറും, എക്സിക്യൂട്ടീവ് കോച്ചും. എക്സിക്യൂട്ടീവ് കോച്ചിൽ റിവോൾവിംഗ് ചെയർ ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകൾ, കോച്ചുകളിൽ വൈഫൈ, ജിപിഎസ്, ബയോ വാക്വം ടോയ്‌ലറ്റ്‌ എന്നിവയെല്ലാം വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സവിശേഷതകളാണ്.

എയറോ ഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിന് കവാച്ച് ടെക്നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്സ്പ്രസിന്‍റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്‍റെ ദിശ മാറ്റാൻ സമയനഷ്ടമില്ല.