ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, February 3, 2019

ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിലെ വൈശാലി ജില്ലയിലെ സഹദായി ബസർഗിൽ ഡൽഹിയിലേക്കുള്ള സീമാഞ്ചൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസാണ് അപകടത്തിൽ പെട്ടത്.

ബിഹാറിലെ ജോഗ്ബാനിയിൽ നിന്ന് ന്യൂഡൽഹി ആനന്ദ് വിഹാർ ടെർമിനലിലേക്ക് വരികയായിരുന്നു ട്രെയിൻ. അപകടസമയത്ത് ട്രെയിൻ നല്ല വേഗതയിലായിരുന്നുവെന്നാണ് വിവരം.

ട്രെയിനിന്‍റെ പതിനൊന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഇതിൽ മൂന്ന് കോച്ചുകൾ പൂർണമായും തകർന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. സാരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് അൻപതിനായിരം രൂപയും നൽകും. അപകടത്തെ തുടര്‍ന്ന് നിലവില്‍ ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.