പിടിമുറുക്കി കൊവിഡ് : രാജ്യത്ത് ഒരു ദിവസത്തിനിടെ 63,489 പുതിയ കേസുകള്‍ ; 944 മരണം

Jaihind News Bureau
Sunday, August 16, 2020

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതർ 26 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 63,000 ത്തിന് മുകളിൽ കൊവിഡ് കേസുകളും 944 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണം 50,000 ത്തിലേക്ക് അടുത്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,489 പുതിയ കൊവിഡ് കേസുകളും 944 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ആകെ മരണം 49,980 ആയി ഉയർന്നു. നിലവിൽ 6,77,444 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 18,62,258 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ 5,84,754 കേസുകളും തമിഴ്നാട്ടിൽ 3,32,105 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ ഇതുവരെ 2,81,817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 2,19,926 കേസുകളും ഡൽഹിയില്‍ 1,51,928 കേസുകളും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 1,50,061 പേർക്കും ബംഗാളിൽ 1,13,432 പേർക്കുമാണ് രോഗം. ആന്ധ്രയില്‍ 8736 പേരും തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗ മുക്തി നിരക്ക് എഴുപത് ശതമാനത്തിന് മുകളിലാണ്. 7,46,608 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.