നവകേരള നിർമിതിക്കായി കെ.പി.എം.ജി; സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം

നവകേരള നിർമ്മിതിക്കായി കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു. കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് വി.എം സുധീരൻ പറഞ്ഞു. ചുമതല ഏൽപ്പിച്ചതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്ന് കെ.വി തോമസ് എം.പി ആവശ്യപ്പെട്ടു

കെ.പി.എം.ജിയെ ചുമതല ഏൽപിക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ച് വേണം തീരുമാനം എടുക്കാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പിഎം.ജി നടത്തിയിട്ടുള്ള ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള നിർമ്മിതിക്കായി സർക്കാർ നിശ്ചയിച്ച കൺസൾട്ടൻസിയുടെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ച കെ.പി.എം.ജി എന്ന സ്ഥാപനം ഗുരുതരമായ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കെ.പി.എം.ജി.യുടെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് വി.എം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

കെ.പി.എം.ജിയെ ചുമതല ഏൽപ്പിച്ചതിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്ന് കെ.വി തോമസ് എം.പി ആവശ്യപ്പെട്ടു. ആഗോള ടെണ്ടർ വിളിക്കാതെ തീരുമാനമെടുത്തത് ദുരുദ്ദേശപരമാണെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു.

Ramesh ChennithalaKV Thomasv.m sudheerankpmg
Comments (0)
Add Comment