കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി; ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ എത്തിച്ചത്

Jaihind Webdesk
Thursday, January 12, 2023

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് പഴയ ഇറച്ചി പിടിച്ചത്. അഴുകി തുടങ്ങിയ ഇറച്ചി കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ എത്തിച്ചതെന്നാണ് കരുതുന്നത്.
ഇറച്ചി എത്തിച്ചത് തമിഴ് നാട്ടിൽ നിന്ന് .

കളമശ്ശേരി ​ന​ഗരസഭയുടെ ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനക്കിടെ 500 കിലോ പഴകിയ ഇറച്ചിയാണ് വീട്ടുമുറ്റത്തും തെങ്ങിൻചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ നിന്നും കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇറച്ചി വില്പന നടത്തിയിരുന്നതെന്നാണ് ആരോ​ഗ്യവകുപ്പിന്‍റെ കണ്ടെത്തൽ. ഉണ്ണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവർമ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ന​ഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.