മോദി ജോലികളഞ്ഞത് 50 ലക്ഷം പേര്‍ക്ക്; നോട്ടുനിരോധനം രാജ്യത്തെ പട്ടിണിയിലാക്കിയെന്ന് പഠന റിപ്പോര്‍ട്ട്

Jaihind Webdesk
Wednesday, April 17, 2019

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം രണ്ടുവര്‍ഷത്തില്‍ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴില്‍നഷ്ടം ഭീകരാന്തരീക്ഷത്തിലേക്ക് കടന്നത് നോട്ടുനിരോധനത്തിന് ശേഷമാണെന്ന് ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ എംപ്ലോയ്‌മെന്റിന്റെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വനിതകളെ കൂടി പരിഗണിച്ചാല്‍ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി വലുതാണ്. തൊഴില്‍ നഷ്ടപ്പെട്ട കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഏറ്റവുമധികം മോശം സ്ഥിതിയിലാണ് സ്ത്രീകള്‍. ഇവരുടെ തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്നനിലയിലാണ്.നോട്ടുനിരോധനം കാരണമാണ് തൊഴില്‍ നഷ്ടം സംഭവിച്ചതെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും, സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011 നു ശേഷം തൊഴിലില്ലായ്മയില്‍ സ്ഥായിയായ വര്‍ധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഇതില്‍ വലിയ പങ്ക് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ വിദ്യാഭ്യാസമുളളവര്‍ക്കാണ് ഇക്കാലയളവില്‍ ഏറ്റവുമധികം തൊഴില്‍ നഷ്ടം നേരിട്ടത്. ഇവരുടെ അവസരങ്ങളും ഗണ്യമായി കുറഞ്ഞു. സാമ്പത്തിക രംഗത്തെ ബാധിച്ച ഗുരുതരമായ പ്രശ്നമായി തൊഴിലില്ലായ്മ എങ്ങനെ മാറി എന്നതിന്റെ വ്യക്തമായ തെളിവാണ് തൊഴില്‍ നഷ്ടപ്പെട്ട കണക്കുകള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2018ല്‍ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമാണ്. 2000 മുതല്‍ 2011 വരെയുളള ദശാബ്ദത്തിലെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഇരട്ടിയാണിതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. തൊഴില്‍ശേഷിയുളള ജനസംഖ്യയുടെ 10 ശതമാനം വരും നഗരത്തില്‍ താമസിക്കുന്ന സ്ത്രീ വിഭാഗം. എന്നാല്‍ ഇവരില്‍ 34 ശതമാനവും തൊഴില്‍രഹിതരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.