ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ കാലയളവിൽ 4614 ദിവസത്തെ പരോള്‍ ; ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Tuesday, August 31, 2021

 

തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ബന്ധപ്പെട്ടുവെന്നും ജയിലിലിരുന്നു കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും ടി.പി കേസ് പ്രതികള്‍ ആരോപണം നേരിടുമ്പോഴാണു മുഖ്യമന്ത്രിയുടെ മറുപടി. പ്രതികള്‍ക്ക് 291 ദിവസം അധിക അവധി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പതിനൊന്ന് പ്രതികൾക്കായി ലഭിച്ചത് 4614 ദിവസത്തെ പരോളാണ്. പ്രതികൾക്ക് തടസമില്ലാതെ പരോൾ ലഭിക്കാൻ സഹായകമായത് പൊലീസ് റിപ്പോർട്ടുകളാണ്.

290 ദിവസത്തെ കൊവിഡ് പ്രത്യേക അവധി കൂടാതെ ടിപി കേസ് പ്രതികള്‍ക്ക് 291 ദിവസം വരെ ജയില്‍ വകുപ്പ് അവധി നല്‍കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭ ചോദ്യത്തിനു മുഖ്യമന്ത്രിയുടേതായി നല്‍കിയ മറുപടിയില്‍ പറയുന്നു. കൊടി സുനി ഒഴികെ മുഴുവന്‍പേരും പ്രത്യേക കൊറോണ അവധിയില്‍ ജയിലിനു പുറത്താണ്. നിലവില്‍ ശിക്ഷയനുഭവിക്കുന്നവരില്‍ സിപിഎം പ്രാദേശിക നേതാവ് കൂടിയായിരുന്ന കെ.സി രാമചന്ദ്രനാണ് ഏറ്റവുമധികം സാധാരണഅടിയന്തര അവധി നല്‍കിയത്. 2014 മുതല്‍ ഇതുവരെ 291 ദിവസമാണ് അനുവദിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ.കുഞ്ഞനന്തന്‍ പ്രത്യേക ജാമ്യത്തിലിരിക്കെ നിര്യാതനായി.

2017 മുതല്‍ കിര്‍മാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണന്‍ സിജിത്തിന് 255 ദിവസവും റഫീഖിനു 170 ദിവസവും ട്രൗസര്‍ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്കു 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവും അവധി നല്‍കി. 2020ല്‍ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിതെന്നു മറുപടിയില്‍ വ്യക്തമാക്കുന്നു. ടി.പി കേസ് പ്രതികളില്‍ കൊടി സുനിക്ക് മാത്രമാണ് പ്രത്യേക കൊറോണ അവധി ലഭിക്കാത്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയതിനാല്‍ കൊടി സുനിയെ വിയ്യൂരിലേക്കു മാറ്റിയിരുന്നു.

ജയിലില്‍ കിടക്കുമ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് അവധി ലഭിക്കില്ല. അതുകൊണ്ടാണു 2020ലെ പ്രത്യേക അവധിക്കു പരിഗണിക്കാതിരുന്നത്. ഒരാഴ്ച മുന്‍പു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് കൊടി സുനിയുടെ കയ്യില്‍നിന്നു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ പിടികൂടിയതിനാല്‍ ഇത്തവണത്തെ പ്രത്യേക അവധിക്കും പരിഗണിക്കാനാകാതെ വന്നു. ഫോണ്‍ പിടിച്ചതിനെത്തുടര്‍ന്ന് അതീവ സുരക്ഷാ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. 2018ല്‍ 60 ദിവസത്തെ അടിയന്തരസാധാരണ അവധി മാത്രമാണ് ഇതുവരെ കൊടി സുനിക്കു ലഭിച്ചത്.