കൊവി‍ഡ് 19 : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; ആകെ 178 പേർ ചികിത്സയില്‍

Jaihind News Bureau
Monday, April 13, 2020

കേരളത്തിൽ മൂന്ന് പേർക്കു കൂടി കൊവി‍ഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരു കേസും റിപ്പോർട്ട് ചെയ്തു. പോസിറ്റീവായവരിൽ 2 പേർക്ക് സമ്പർക്കം വഴിയും ഒരാൾ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ 1. 378 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 178 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,11,468 വീടുകളിലും 715 പേർ ആശുപത്രിയിലുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ :
ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ന്യൂമാഹി പെരിമുണ്ടേരി സ്വദേശിയായ 74 കാരനും മാടായി സ്വദേശിയായ 36കാരിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പെരിമുണ്ടേരി സ്വദേശി ഏപ്രില്‍ 11ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും മാടായി സ്വദേശിനി ഏപ്രില്‍ 10ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

പാലക്കാട് :
ഖത്തറിൽ നിന്ന് വന്ന 32കാരനാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 22നാണ് പട്ടാമ്പി ചാത്തനൂർ സ്വദേശയായ യുവാവ് നാട്ടിലെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സാമ്പിൾ നല്‍കിയതിന് ശേഷം വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റും.

തൃശൂർ :
ജില്ലയിൽ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരിൽ ഒരാളുടെ ഫലം നെഗറ്റീവായി. തുടർച്ചയായ രണ്ടാം പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇയാളെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. ഇതോടെ ജില്ലയിൽ കൊവിഡ് ബാധയുള്ള രോഗി ഒരാൾ മാത്രമായി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 218 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 246 പേർ അറസ്റ്റിലായി. 154 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.