പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; വീരേന്ദ്രകുമാര്‍ പ്രോടേം സ്പീക്കര്‍

Jaihind Webdesk
Monday, June 17, 2019

Parliament

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന പാർലമെന്‍റ് സമ്മേളനം ജൂലൈ 16ന് അവസാനിക്കും. കേരളത്തിൽ നിന്നുള്ള 19 എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 1977ന് ശേഷം ഏറ്റവും കൂടുതൽ എംപിമാർ കേരളത്തിൽ നിന്നും സത്യപ്രതിജ്ഞ ചെയ്യുന്ന ലോക്സഭ കൂടിയാണ് പതിനേഴാം ലോക്സഭ.

മധ്യപ്രദേശില്‍നിന്നുള്ള ഡോ.വീരേന്ദ്രകുമാര്‍ പ്രോടേം സ്പീക്കര്‍ ആയി ചുമതലയേറ്റു. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹാതബ് എന്നിവരടങ്ങിയ പാനല്‍ സഹായം നല്‍കും.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 542 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുക.രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യാനുമുണ്ട്.

19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 20ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനുമുമ്പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ജൂലൈ 26വരെയാണ് സമ്മേളനം.