അമർ രഹേ ! 17 ഗണ്‍ സല്യൂട്ടോടെ വീരനായകന് വിട ചൊല്ലി രാജ്യം… ജനറല്‍ റാവത്ത് ഇനി ജ്വലിക്കുന്ന ഓർമ്മ

Jaihind Webdesk
Friday, December 10, 2021

 

ന്യൂഡല്‍ഹി : സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്‍റെ വിട. കൂനൂരിൽ കോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ ഔദ്യോഗിക ബഹുമതികളോടു കൂടി സംസ്‌കരിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി അടക്കമുള്ള ജനപ്രതിനിധികൾ അന്തിമോപചാരം അർപ്പിച്ചു.

 

രാജ്യത്തിന്‍റെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വസിതിയിലും ബ്രാർ സ്‌ക്വയറിലും എത്തിചേർന്നത്. 800ഓളം സൈനികരുടെ സാനിധ്യത്തിലായിരുന്നു ബിപിൻ റാവത്തിന് രാജ്യം യാത്രയയപ്പ് നൽകിയത്. ആദരസൂചകമായി 17 ഗൺ സല്യൂട്ട് നൽകി, മതാചാരപ്രകാരമായിരുന്നു റാവത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. മക്കളായ കൃതികയും തരിണിയും ചിതയ്ക്ക് തീ പകർന്നു. സംസ്‌കാര ചടങ്ങിൽ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.

 

 

ഇന്ന് രാവിലെ മുതലാണ് ബിപിൻ റാവത്തിന്‍റേയും ഭാര്യയുടേയും മൃതദേഹങ്ങൾ കാംരാജ് മാർഗിലെ  ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദർശനം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ജനങ്ങളുടെതിരക്ക് വർധിച്ചതോടെ പൊതുദർശനം നീണ്ടുപോയി. രാവിലെ മുതൽ അന്തിമോപചാരമർപ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖരാണ് എത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികളും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു . കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, മന്‍ഷുക് മാണ്ഡവ്യ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, എകെ ആന്‍റണി, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും അന്തിമോപചാരമർപ്പിക്കാനെത്തി. ഔദ്യോഗിക  വസതിയിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് ഭൗതിക ശരീരം കന്‍റോൺമെന്‍റിലെ ബ്രാർ സ്‌ക്വയറിലെത്തിച്ചത്. അമർ രഹേ വിളികളുമായി വൻ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്.

 

 

1978ൽ ഗൂർഖാ റൈഫിൾസിന്‍റെ അഞ്ചാം ബറ്റാലിയനിൽ ആണ് റാവത്ത് തന്‍റെ സൈനിക ജീവിതം ആരംഭിച്ചത്. 2016 ഡിസംബർ 31നാണ് കരസേനാ മേധാവിയായി റാവത്ത് ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് രാജ്യത്തിന്‍റെ പ്രഥമ സംയുക്ത സേനാ മേധാവിയായി. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾക്ക് അർഹനായ വ്യക്തിത്വം ആണ് ജനറൽ ബിപിൻ റാവത്ത്. ഇന്ത്യയുടെ യുദ്ധതന്ത്രഞ്ജന് പ്രണാമം…