നിലമ്പൂർ കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 46 ആയി. 13 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ജി.പി.ആർ സംവിധാനം കവളപ്പാറയിൽ വേണ്ടത്ര ഗുണം ചെയ്തില്ല. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. എന്‍.ഡി.ആര്.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. ചളി വെള്ളത്തില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ താഴുന്നത് പ്രതിസന്ധിയാണ്.
മണ്ണിനടിയിലേക്ക് അയച്ച സിഗ്നലുകൾ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നു മനസിലാക്കുക. എന്നാൽ ചെളി നിറഞ്ഞ മണ്ണിൽ ഭൂഗർഭ റഡാർ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 46 ആയി. കവളപ്പാറയിൽ സൂത്രത്തിൽ വിജയന്റെ ഭാര്യ വിശ്വേശ്വരി(48), കവളപ്പാറ കോളനിയിലെ ആനക്കാരൻ പാലൻ(78), പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി(15), ചീരോളി ശ്രീധരൻ(60), കോളിയിലെ പെരകന്റെ ഭാര്യ ചീര(60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരന്റെ മകൻ ശിവന്റേ(43)താണെന്ന് തിരിച്ചറിഞ്ഞു.