അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കൊവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

Jaihind News Bureau
Tuesday, October 20, 2020

അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കൊവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിന്‍റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത്തത്തോടെയുള്ള സംരംഭത്തിന് ഡോ. ശശി തരൂർ, അനിൽ ആന്‍റണി എന്നിവരുടെയും സിസ്കോയുടെയും സഹകരണമുണ്ട്.

അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സിഇഒ യുമായ മിനിയ ചാറ്റർജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 10 കൊവിഡ് രോഗമുക്തി കേന്ദ്രങ്ങളിലായി 1620 കിടക്കകളുണ്ട്. ഇതിനു പുറമേ, രാജ്യത്താദ്യമായി ഓട്ടോറിക്ഷകളിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങളും ഓക്സിജൻ ആംബുലൻസുകളും സജ്ജീകരിച്ചതിന്‍റെ ക്രെഡിറ്റും അനന്ത് യുവിനാണ്.

രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കൊവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാനങ്ങളെല്ലാം സർക്കാർ ഏജൻസികൾക്കാണ് യൂണിവേഴ്സിറ്റി കൈമാറുന്നത്. സ്വന്തം ഡിസൈനർമാരെയും നഗരാസൂത്രണ ഇന്നൊവേറ്റർമാരെയും അധ്യാപകരെയും വിദ്യാർഥികളെയും അണിനിരത്തിയാണ്, ചെലവു കുറഞ്ഞതും സുസ്ഥിരവുമായ സംവിധാനങ്ങളുടെ രൂപകൽപനയിലൂടെ കൊവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് യൂണിവേഴ്സിറ്റി മുന്നേറുന്നത്. 

അനന്ത് കൊവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷകൾ, അനന്ത് ഓക്സിജൻ റെസ്പോൺസ് ഓട്ടോറിക്ഷകൾ എന്നിവയുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്‍റെ വിദ്യാഭ്യാസ ഗ്രാന്‍റ് ലഭിച്ചിട്ടുണ്ട്. ഭാരതി എയർടെൽ, മുരളി ഡിയോറ ഫൗണ്ടേഷൻ, എൻജിഒ കെയറിങ്ങ് ഫ്രണ്ട്സ്, ഇന്ത്യൻ പോപ്പുലേഷൻ ഫൗണ്ടേഷൻ എന്നിവയാണ് മറ്റു പങ്കാളികൾ. തിരുവനന്തപുരത്തെ പഞ്ചകർമ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലെ വിശാലമായ കോൺഫറൻസ് ഹാളിലാണ് കൊവിഡ് റിക്കവറി കേന്ദ്രം പ്രവർത്തിക്കുന്നത്. 

നൂറ് കിടക്കകളുള്ള പ്രോജക്റ്റിന്‍റെ ആദ്യ ഘട്ടത്തിൽ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾക്കു പുറമേ, ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാർഡ് ബോർഡ് കിടക്കകളും മേശകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ, ദീർഘകാലം ഈടുനില്‍ക്കുന്ന കട്ടിലുകളും മേശകളുമെല്ലാം രൂപകൽപന ചെയ്തതും നിർമിച്ചതും അനന്ത് യു വിലെ ഡിസൈൻ വിഭാഗമാണ്. തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർക്ക് കൈമാറി.