സംവരണവിഷയം പാര്‍ലമെന്‍റില്‍; ഇലക്ഷന്‍ ഗിമ്മിക്കെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, January 8, 2019

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള തീരുമാനം ഇന്ന് പാർലമെന്‍റിന് മുന്നിൽ എത്തും. 10 ശതമാനം സംവരണം നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഭരണഘടാ ഭേദഗതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് സംവരണം നൽകുക. അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. തൊഴിൽ മേഖലയിൽ പത്ത് ശതമാനം സംവരണമാണ് കൊണ്ടുവരിക. ഭേദഗതി ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.

ഏറെ കാലമായി ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ ഇന്ന് ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സർക്കാരിന്‍റെ നിർണായക നീക്കം. ബി.ജെ.പിയുടെ ഇലക്ഷൻ ഗിമ്മിക്ക് എന്നാണ് നടപടിയെ കോൺഗ്രസ് വിശേഷിപ്പിച്ചത്.