സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച

Jaihind News Bureau
Friday, June 29, 2018

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോർഡ് വളർച്ച കൈവരിച്ചു. 2017-18 സാമ്പത്തിക വർഷത്തിൽ എട്ട് ശതമാനമാണ് കയറ്റുമതി വർധന. പതിനേഴായിരം കോടിയോളം രൂപ വിലവരുന്ന സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവിൽ രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്.

2016-17 സാമ്പത്തിക വർഷത്തിൽ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ കണക്കു പ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കിൽ ഒരു ശതമാനത്തിൻറെ വർധന രേഖപ്പെടുത്തി. 2017-18 ൽ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളർ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനയാണ് ഡോളർ വരുമാനത്തിൽ നേടിയത്.

അളവിലും മൂല്യത്തിലും സർവകാല റെക്കോർഡ് കൈവരിച്ചാണ് രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റൂമതി മുന്നോട്ടു കുതിക്കുന്നതെന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡോ. എ ജയതിലക് പറഞ്ഞു. ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങളെ ആഗോളതലത്തിൽ പ്രചരിപ്പിക്കാനായി സ്‌പൈസസ് ബോർഡ് നടത്തിയ നൂതനമായ വിപണി ഇടപെടലിൻറെയും മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഊന്നൽ നൽകാനുള്ള തീരുമാനത്തിൻറെയും ഗുണഫലമാണ് 2017-18 ലെ അഭിനന്ദനാർഹമായ നേട്ടത്തിന് പിന്നിലെന്ന് ഡോ. ജയതിലക് ചൂണ്ടിക്കാട്ടി.

ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദിൽ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളർച്ച കൈവരിച്ചു.

ഇന്ത്യയിൽനിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനമെന്ന ഖ്യാതി മുളക് നിലനിറുത്തി. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടൺ മുളകാണ് 2017-18 സാമ്പത്തിക വർഷത്തിൽ കയറ്റുമതി ചെയ്തത്. 2017-18 സാമ്പത്തിക വർഷത്തിൽ സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവിൽ 42 ശതമാനവും മൂല്യത്തിൽ 15 ശതമാനവും വർധന രേഖപ്പെടുത്തി. 2,661.72 കോടി രൂപ വില വരുന്ന 17,200 ടൺ സുഗന്ധവ്യഞ്ജന എണ്ണ സത്ത് എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട്. 2016-17 ൽ ഇത് യഥാക്രമം 2,307.75 കോടി രൂപയും 12,100 ടണ്ണുമായിരുന്നു.