സി.പി.എം ഉന്നതരുമായി ബന്ധം; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയെ തൊടാതെ പോലീസ്

Jaihind News Bureau
Sunday, July 8, 2018

കണ്ണൂരിലെ വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രധാന പ്രതിയെ പിടികൂടാനാവാതെ പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിൽ മെഡ്സിറ്റി ഇൻറർനാഷണൽ ഉടമയായ അനിൽ ചക്രപാണിയെയാണ് പൊലീസിന് ഇതുവരെ പിടികൂടാൻ കഴിയാത്തത്.  ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുള്ളത് കൊണ്ടാണ്  മെഡ്സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളായ അനിൽ ചക്രപാണിയെ  പൊലീസ്  പിടികൂടാത്തത് എന്ന വിമർശനമാണ് ഉയരുന്നത്.

കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ നൽകിയ പരാതിയിലാണ് കണ്ണൂരിലെ മെഡ്സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

https://www.youtube.com/watch?v=3ebWXBZJcB4

വിദേശജോലിക്കായി നഴ്സിംഗ് കൗൺസിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ മെഡ് സിറ്റി ഇൻറർനാഷണൽ  ചെയർമാൻ രാഹുൽ ചക്രപാണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ചക്രപാണിയുടെ സഹോദരൻ അനിൽ ചക്രപാണിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല., വ്യാജരേഖ ചമയ്ക്കൽ , വഞ്ചന ഉൾപ്പടെ ഗുരുതരമായ കുറ്റങ്ങളാണ് പൊലീസ് മെഡ്സിറ്റി ഇൻറർനാഷണലിന്റെ നടത്തിപ്പുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരളത്തിലെയും, കർണ്ണാടകത്തിലെയും സ്വകാര്യ ആശുപത്രികളിലെ ലെറ്റർ ഹെഡും, സീലും വ്യാജമായി  നിർമിച്ചതും, മെഡ് സിറ്റി ഇന്റർനാഷണൽ മുഖേന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് നൽകിയതും ഉൾപ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവ രണ്ടും നിർമിക്കുന്നതിന് അനിൽ ചക്രപാണിക്ക് നിർണായക പങ്കാണ് ഉള്ളത്. ഇയാളെ കണ്ടെത്താനായി പൊലീസ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഊർജിതമായി ശ്രമം നടത്തിയിരുന്നുവെങ്കിലും പിന്നീട് അത് ഉണ്ടായില്ല.

മെഡ്സിറ്റിയുടെ നടത്തിപ്പുകാർക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുള്ളത് കൊണ്ടാണ് കേസന്വേഷണം എങ്ങുമെത്താത്തത് എന്ന വിമർശനമാണ് ഉയരുന്നത്.  മുൻ കാല എസ്.എഫ്.ഐ പ്രവർത്തകനായ രാഹുൽചക്രപാണിക്ക് സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. ഈ ബന്ധവും സ്വാധീനവും ഉപയോഗിച്ച് മറ്റു നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് മെഡ്സിറ്റി ചെയർമാനും സഹോദരനും ശ്രമിക്കുന്നത്.

മെഡ്സിറ്റി ഇന്റർനാഷണലിന്‍റെ കണ്ണുർ ചെട്ടി പീടികയിലെ പ്രധാന ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും ഈ സ്ഥാപനം സീൽ ചെയ്യാനോ സ്ഥാപനത്തിന് എതിരെ മറ്റ് നിയമപരമായ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായിട്ടില്ല. ഇതിന് എതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഈ സ്ഥാപനത്തിന് എതിരെ കർണാടകയിലും, തമിഴ്നാട്ടിലും പരാതി ഉയർന്നിട്ടുണ്ട്.