വാസന്തി… ഇന്ദ്രപ്രസ്ഥത്തിൽ എത്തിയ തൊഴിൽ പെരുമ

Jaihind News Bureau
Saturday, June 9, 2018

കഠിന പ്രയത്‌നത്തിനും അർപ്പണബോധത്തിനും മികച്ച പ്രതിഫലം എന്നെങ്കിലും ലഭിക്കുമെന്ന് പറയാറുണ്ടല്ലോ. മൂന്നാർ സ്വദേശിനിയും തോട്ടം തൊഴിലാളിയുമായ വസന്തിക്ക് അത് ലഭിച്ചത് പ്രധാനമന്ത്രി ഏർപ്പെടുത്തിയ അവാർഡിന്റെ രൂപത്തിലാണ്. തൊഴിൽ മേഖലയിലെ വേറിട്ട സംഭാവനകൾക്കും പ്രവർത്തനമികവിനും കേന്ദ്ര തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പ്രൈം മിനിസ്റ്റേഴ്‌സ് ശ്രം ദേവി (Shram Devi) അവാർഡ് 2014ൽ ലഭിച്ചത് വസന്തിക്കാണ്.

ഏതൊരു തോട്ടം തൊഴിലാളിയെയും പോലെ കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയുള്ള കഷ്ടപ്പെടലാണ് വസന്തിയുടെയും ഭർത്താവ് വിശ്വനാഥന്റെയും ജീവിതം. നാലു പെൺകുട്ടികൾ. അവർക്കുവേണ്ട്ി എന്തു കരുതണമെന്ന ചോദ്യത്തിനുത്തരമായിരുന്നു വസന്തിയുടെ രാപ്പകലില്ലാത്ത അദ്ധ്വാനം. എന്നാൽ മറ്റുള്ളവരേക്കാൾ ഒരുപടികൂടി കടന്ന് വസന്തി ചെയ്തത് മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള ജോലികളായിരുന്നു. മൂന്നാർ കണ്ണൻ ദേവൻ പ്ലാന്റേഷനിലെ തൊഴിലാളിയായ വസന്തിയുടെ തൊഴിൽരംഗത്തെ പ്രവർത്തനമികവ് കണ്ടാണ് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ശ്രംദേവി പുരസ്‌കാരത്തിന് അവരെ കമ്പനി നാമനിർദേശം ചെയ്തത്. വ്യാവസായിക മേഖലയിലെ തൊഴിൽമികവിന് കേന്ദ്ര തൊഴിൽമന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കേരളത്തിൽനിന്ന് അർഹത നേടുന്ന ആദ്യ വനിത കൂടിയാണ് വസന്തി. എന്നാൽ അവാർഡിനുവേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്നാണ് വസന്തിയുടെ പക്ഷം.

വസന്തിയുടെ ജോലികൾ അതിരാവിലെ തന്നെ ആരംഭിക്കും. ആദ്യം എസ്റ്റേറ്റിലെ ജോലികൾ. മറ്റേതൊരു തൊഴിലാളി ചെയ്യുന്നതിലും വേഗതയിലും വൈദഗ്ദ്ധ്യത്തോടെയും വസന്തി കൊളുന്തെടുക്കും. സാധാരണ തൊഴിലാലികൾ ശരാശരി 50 കിലോ കൊളുന്ത് നുള്ളുന്ന സമയത്ത് വസന്തി 60 കിലോ കടന്നിരിക്കും. ഉദ്പാദനക്ഷമതയിൽ വസന്തി കൊണ്ടുവന്ന വിപ്ലവാത്മകമായ മാറ്റത്തെക്കുറിച്ച് നല്ല മതിപ്പാണ് മേലുദ്യോഗസ്ഥർക്കും. കമ്പനിയുടെ ഓഹരിയുടമകൾ കൂടിയായ തൊഴിലാളികളിൽ നിന്ന് പുരസ്‌കാരത്തിന് അർഹയായ വസന്തിയുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകുന്നുവെന്നും മേലുദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

മാസാവസാനം ശമ്പളത്തിനൊപ്പം അധിക ജോലിക്ക് ലഭിക്കുന്ന ഇൻസന്റീവ് ഏറ്റവും കൂടുതൽ വാങ്ങിയിട്ടുള്ളതും വസന്തി തന്നെ. മറ്റുള്ളവർ ശരാശരി 3000 രൂപവരെ കൈപ്പറ്റുമ്പോൾ വസന്തിയുടെ അക്കൗണ്ടിൽ ഇത് 6000 മുതൽ 8000 വരെയാണ്. എന്നാൽ 13000 രൂപയാണ് ഈയിനത്തിൽ വസന്തിയുടെ റെക്കോഡ്.

തോട്ടത്തിലെ ജോലിയിൽ മാത്രമൊതുങ്ങുന്നില്ല വസന്തിയുടെ പ്രവർത്തനമേഖല. അതിനു ശേഷമാണ് വീട്ടിലെ പച്ചക്കറി കൃഷിക്കും പശുവളർത്തലിനും സമയം കണ്ടെത്തുന്നത്. എല്ലാജോലികൾക്കും സഹായവുമായി ഭർത്താവ് വിശ്വനാഥനും ചേരും.

സ്വാശ്രയ സംഘത്തിലെ പങ്കാളിത്തത്തിനും ഇതിനിടയിൽ സമയം കണ്ടെത്തുന്നു. വി്ശ്രമമില്ലാത്ത ജോലികൾക്കിടയിൽ മക്കളുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനും സമയം നീക്കിവയ്ക്കാൻ ഈ ദമ്പതികൾക്കാവുന്നു എന്നത് തീർച്ചയായും സമൂഹത്തിന് ഉദാത്ത മാതൃക തന്നെയാണ്. എന്നാൽ തന്റെ നേട്ടത്തിന് തന്റെ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും നന്ദി പറഞ്ഞുകൊണ്ട വിനയാന്വിതയാവുകയാണ് ദേശീയ തലത്തിൽ പുരസ്‌കാരം നേടിയ ഈ വനിത

എം.എൻ.സുരേഷ്