മോഹന്‍ലാല്‍ എവിടെ ? എംപുരാന്റെ പോസ്റ്ററില്‍ മോഹന്‍ലാലിന്റെയും ആശീര്‍വാദിന്റേയും ഗോകുലത്തിന്റേയും പേര് ഒഴിവാക്കി; പൃഥ്വിരാജും മുരളി ഗോപിയും മാത്രം

Jaihind News Bureau
Monday, March 31, 2025


പൃഥ്വിരാജ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച എംപുരാന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മോഹന്‍ലാലിന്റേയും നിര്‍മാതാക്കളായ ആശീര്‍വാദിന്റേയും ഗോകുലത്തിന്റേയും പേര് ഒഴിവാക്കി. പൃഥ്വിരാജിന്റേയും മുരളി ഗോപിയുടേയും പേരു മാത്രമാണ് ക്രെഡിറ്റായി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങള്‍ വിവാദത്തിലായതില്‍ മോഹന്‍ലാല്‍ ഏകപക്ഷീയമായി കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. ഈ ഖേദപ്രകടന പോസ്റ്റ് പക്ഷേ മുരളി ഗോപി പങ്കുവച്ചിരുന്നില്ല. ചിത്രത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ഭിന്നത ഉടലെടുത്തോ എന്ന ചോദ്യമാണ് ചലച്ചിത്ര പ്രേമികളില്‍ നി്ന്ന് ഉയരുന്നത് .

സംഘപരിവാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എംപുരാന്‍ നാളെ മുതല്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നത്. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും.