പട്‌നയിലെ നളന്ദ മെഡിക്കൽ കോളേജിൽ വെള്ളക്കെട്ട്; കടുത്ത പ്രതിഷേധം

Jaihind News Bureau
Monday, July 30, 2018

കനത്ത മഴയിൽ ബീഹാറിലെ പട്‌നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളക്കെട്ട്. തീവ്ര പരിചരണ വിഭാഗത്തിൽ മലിനജലം നിറഞ്ഞ് രോഗികൾ ദുരിതത്തിലായി. ആശുപത്രിയുടെ ദുരവസ്ഥയിൽ സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ബിഹാറിൽ തുടരുന്ന കനത്ത മഴ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. തലസ്ഥാനമായ പട്നയിൽ നൂറ് ഏക്കറിൽ പരന്നു കിടക്കുന്ന നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിലും വെള്ളം കയറിയത് രോഗികളേയും ജീവനക്കാരേയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രതിദിനം രണ്ടായിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങൾ താറുമാറായതും വാർഡുകളിൽ വെളളം നിറയുകയും ചെയ്തു.

തീവ്ര പരിചരണ വിഭാഗത്തിൽ ഉൾപ്പെടെ മലിനജലത്തിൽ മീനുകൾ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്ത് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് സർക്കാരിനെ രൂക്ഷമായി പരിഹസിച്ചു. നിതീഷ് കുമാർ മോഡൽ വികസനം എന്നാണ് തേജസ്വി യാദവ് ആശുപത്രിയുടെ അവസ്ഥയെ വിശേഷിപ്പിച്ചത്.

https://twitter.com/YadavTejaswi/status/1023612375805513728

വെള്ളപ്പൊക്ക ദുരിതം തുടരുന്നതിനിടെ സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഷിംല സന്ദർശനത്തിന്‍റെ മുന്നൊരുക്കങ്ങൾക്കായി ഷിംലയിലാണെന്നതും വിമർശനത്തിനിടയാക്കുന്നുണ്ട്. ആശുപത്രിയിലെ ദുരവസ്ഥയിൽ വൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.