ദുരിതാശ്വാസക്യാമ്പിലെ ഭക്ഷണസാധനങ്ങള്‍ കടത്താന്‍ സി.പി.എം നേതാവിന്‍റെ ശ്രമം; സ്ഥലത്ത് സംഘര്‍ഷം

കൊച്ചി: പ്രളയക്കെടുതി മറികടക്കാന്‍ കേരളം ഒന്നാകെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുന്നതിനിടെ തികച്ചും അപലപനീയമായ പ്രവൃത്തികളിലൂടെ മുഖം വികൃതമാക്കുകയാണ് ചില സി.പി.എം  പ്രവര്‍ത്തകര്‍. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിയ ഭക്ഷണസാധനങ്ങള്‍ സി.പി.എം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി.

വൈപ്പിനിലെ നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമം നടന്നത്. നടപടിയെ എതിര്‍ത്ത പ്രദേശവാസികളോട് ഇയാള്‍ തട്ടിക്കയറുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു.

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്.  ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ അവശ്യ സാധനങ്ങള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് ഇടപെട്ട് പാര്‍ട്ടി ഓഫീസിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടിവന്നു. പ്രശ്നപരിഹാരത്തിന് പോലീസ് ശ്രമിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഉല്ലാസ് പോലീസുദ്യോഗസ്ഥനെക്കൊണ്ട് ചാക്ക് ചുമപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  3,500ലേറെ പേരുള്ള ദുരിതാശ്വാസ ക്യാംപിലായിരുന്നു സി.പി.എം നേതാക്കളുടെ നീചമായ പെരുമാറ്റം.

cpmkerala floods
Comments (0)
Add Comment