കരിമണല്‍ ഖനനത്തെ ന്യായീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തോട് യോജിക്കാനാകില്ല, നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ: വി.എം സുധീരന്‍

Jaihind News Bureau
Sunday, June 7, 2020

 

തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കുന്ന  ജനദ്രോഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂവെന്ന്  മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.  ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ ആദ്യം നല്‍കിയ കത്തില്‍    കരിമണല്‍ഖനനത്തെ ന്യായീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ വിശദീകരണത്തോട് യോജിക്കാനാകില്ലെന്നും വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യമുന്നയിച്ച് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ആലപ്പുഴയിലേയും അയല്‍ ജില്ലകളിലേയും ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് ഒരു യുദ്ധക്കളത്തിന്‍റെ  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കരിമണല്‍ ഖനനത്തിന് കളമൊരുക്കിയത് കരിമണല്‍ ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ തീരദേശജനത കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി സമരം ചെയ്ത് പരാജയപ്പെടുത്തിയ തീരദേശ കരിമണല്‍ ഖനനനീക്കങ്ങളെ പ്രളയത്തിന്‍റെ പേരുപറഞ്ഞ് മറ്റൊരുതരത്തില്‍ പിന്‍വാതിലിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം:

07.06.2020
പ്രിയപ്പെട്ട മുഖ്യമന്ത്രി,
തോട്ടപ്പള്ളിയെ കരിമണല്‍ ഖനനമേഖലയാക്കുന്ന തെറ്റായ നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് 22.05.2020 ല്‍ ഞാന്‍ അയച്ച കത്തിന് 04.06.2020-ല്‍ ബഹു. മുഖ്യമന്ത്രി അയച്ച മറുപടി കിട്ടി. തോട്ടപ്പള്ളിയിലെ കരിമണല്‍ഖനനത്തെ ന്യായീകരിച്ചുകൊണ്ട് പ്രസ്തുത കത്തില്‍ നല്‍കുന്ന വിശദീകരണത്തോട് യോജിക്കാനാകില്ല. ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയായ ദിശയിലല്ല.
തോട്ടപ്പള്ളി സ്പില്‍വേയിലേയ്ക്ക് വെള്ളമെത്തുന്ന വീയപുരത്തുനിന്നും ആരംഭിച്ച് തോട്ടപ്പള്ളിവരെയുള്ള 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലീഡിംഗ് ചാനലില്‍ എക്കലും മണ്ണും അടിഞ്ഞുകൂടി ആഴംകുറഞ്ഞതിനാല്‍ കടലിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് കുട്ടനാട്ടില്‍ പ്രളയം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പ്രളയാനന്തരം വീയപുരംമുതല്‍ തോട്ടപ്പള്ളി സ്പില്‍വേവരെയുള്ള 11 കിലോമീറ്റര്‍ ഡ്രഡ്ജ്ജ്‌ചെയ്ത് ആഴം വര്‍ദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കാന്‍ വിദഗ്ദ്ധനിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരുനടപടിയും യഥാസമയം സര്‍ക്കാരിന്റെഭാഗത്തുനിന്നുണ്ടായില്ല. മെയ്മാസത്തിലാണ് പേരിനെങ്കിലും നടപടികള്‍ ആരംഭിച്ചതായിപറയുന്നത്. ഇത് ഒട്ടും പുരോഗമിച്ചതുമില്ല.
അതുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വീയപുരം മുതല്‍ തോട്ടപ്പള്ളിവരെയുള്ള ലീഡിംഗ് ചാനലിലെ എക്കലും മണ്ണും നീക്കംചെയ്യാനും ആഴം വര്‍ദ്ധിപ്പിക്കാനും ബണ്ടുകള്‍ ശക്തിപ്പെടുത്താനും വേണ്ടനടപടികള്‍ അടിയന്തിരമായി മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്.
അതോടൊപ്പംതന്നെ എ.സി.കനാലിലും മറ്റ് ബന്ധപ്പെട്ടഇടങ്ങളിലും സുഗമമായ നീരൊഴുക്കിനുള്ള തടസ്സങ്ങള്‍മാറ്റാനും നടപടി വേണ്ടിയിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടില്‍ നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന മണല്‍ചിറ മാറ്റാനും നടപടിവേണം.
2019 ഒക്‌ടോബറില്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് തയ്യാറാക്കിയ ‘പ്രളയാനന്തര കുട്ടനാട് സ്‌പെഷ്യല്‍പാക്കേജി’ല്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിശോധിക്കാതെ പ്രളയജലം ഒഴിഞ്ഞുപോകാനെന്നപേരില്‍ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനപ്രക്രിയയുമായി മുന്നോട്ടുപോകുന്നത് അതീവ വിചിത്രമായിരിക്കുന്നു.
യാതൊരുവിധത്തിലുള്ള പാരിസ്ഥിതികപഠനും സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്തി നടത്താതെ കാറ്റാടിമരങ്ങള്‍ വന്‍തോതില്‍ മുറിച്ചുമാറ്റിയും കരിമണല്‍ ഖനനം നടത്തിയും ഇപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്നതെല്ലാം അതിഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും രൂക്ഷമായ കടലാക്രമണങ്ങള്‍ക്കും വഴിയൊരുക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കേണ്ട ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ആലപ്പുഴയിലേയും അയല്‍ ജില്ലകളിലേയും ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ച് ഒരു യുദ്ധക്കളത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കരിമണല്‍ ഖനനത്തിന് കളമൊരുക്കിയത് കരിമണല്‍ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി മാത്രമാണ്.
ആലപ്പുഴ തീരദേശജനത കക്ഷിരാഷ്ട്രിയത്തിനതീതമായി ഒറ്റക്കെട്ടായി സമരംചെയ്ത് പരാജയപ്പെടുത്തിയ തീരദേശ കരിമണല്‍ ഖനനനീക്കങ്ങളെ പ്രളയത്തിന്റെപേരുപറഞ്ഞ് മറ്റൊരുതരത്തില്‍ പിന്‍വാതിലിലൂടെ അടിച്ചേല്പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വളരെ വ്യക്തമാണ്.
ഇതെല്ലാം തീരദേശമേഖലയെ കരിമണല്‍ ഖനനത്തിനായി തുറന്നുകൊടുക്കുന്നതിന്റെ തുടക്കംകുറിക്കലാണ്. അതാണ് തോട്ടപ്പള്ളിയില്‍ നടക്കുന്നത്. തീരദേശ മേഖലയെയും ജനങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന ഈ ജനദ്രോഹനടപടി ഭീതിജനകമായ കോവിഡ് സാഹചര്യത്തിന്റെയും പ്രളയത്തിന്റെയും മറയിലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതെല്ലാം സങ്കുചിതരാഷ്ട്രീയത്തിനതീതമായിത്തന്നെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്തോറും പരിഹാസ്യരാകുന്നത് ഭരണാധികാരികള്‍തന്നെയാണ്.
അതുകൊണ്ട് സ്വയംതിരുത്താനും തോട്ടപ്പള്ളിയെ കരിമണല്‍ഖനന മേഖലയാക്കുന്ന തെറ്റായ ജനദ്രോഹനനടപടിയില്‍നിന്നും പിന്തിരിയാനും സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ. ഇതാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു. റവന്യൂവകുപ്പുമന്ത്രി
ഡോ.തോമസ് ഐസക്, ബഹു.ധനകാര്യവകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പുമന്ത്രി
ശ്രീ. കെ. കൃഷ്ണന്‍കുട്ടി ബഹു. ജലവിഭവ വകുപ്പ്മന്ത്രി
ശ്രീ. വി.എസ്. സുനില്‍കുമാര്‍ ബഹു. കൃഷിവകുപ്പുമന്ത്രി
ശ്രീ. ജി. സുധാകരന്‍ ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി
ശ്രീ. പി. തിലോത്തമന്‍ ബഹു. സിവില്‍സപ്ലൈസ് വകുപ്പുമന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു. പ്രതിപക്ഷനേതാവ്‌