ഇന്ന് കർക്കിടകം ഒന്ന്; മലയാളികള്‍ക്ക് പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും കാലം

ഇന്ന് കർക്കിടകം ഒന്ന്. ഇനിയുള്ള ഒരുമാസം രാമയണ ശീലുകൾ കേരളക്കരയെ ഭക്തിസാന്ദ്രമാക്കും. ഹൈന്ദവ ഗൃഹങ്ങളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും തുഞ്ചത്ത് എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണം കിളിപ്പാട്ടിൽ നിന്നുള്ള രാമകഥാശീലുകൾ ഉയരും.

ഭാരതം മുഴുവൻ വിശിഷ്ടമാണ് രാമനും കഥയും എങ്കിലും രാമായണത്തിനു മാത്രമായി ഒരു മാസം തന്നെ മാറ്റിവയ്ക്കുകയാണ് മലയാളികൾ. ശ്രീരാമൻ ജനിച്ചത് കർക്കിടകം രാശിയിലായതിനാലും, മക്കളായ ലവനും കുശനും ആദ്യമായി രാമകഥ ആലപിച്ച മാസമായതിനാലുമാണ് കർക്കിടകം രാമായണ മാസമായി കണക്കാക്കുന്നത് എന്നാണ് വിശ്വാസം.

ബാലീ നിഗ്രഹത്തിനുശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥയുണ്ടാകും വരെ ഗുഹയിൽ തപസ്സ് ചെയ്ത കാലമാണ് രാമായണ മാസമായി ആചരിക്കുന്നതെന്ന ഐതീഹ്യവുമുണ്ട്.

ശീവോതിവയ്പ്പും ഔഷധസേവയും ഇല്ലംനിറയും തുയിലുണർത്തുപാട്ടും കർക്കിടക കഞ്ഞിയും ആനയൂട്ടുമൊക്കെയുമായി ആധ്യാത്മിക തേജസ്സിനാൽ സമ്പന്നമാണ് കർക്കിടകം. എന്നാൽ പഞ്ഞമാസമാണെന്നൊരു ചൊല്ലു കൂടിയുണ്ട് കർക്കിടകത്തിന്. അതുകൊണ്ട് തന്നെ കർക്കിടകം കഴിഞ്ഞാൽ ദുർഘടം ഒഴിയുമെന്നും പറയാറുണ്ട്.

രാമായണ പാരായണത്തിനൊപ്പം നിരവധി ആചാരങ്ങളും കർക്കിടകവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കർക്കിടകത്തിലെ കറുത്തവാവ് ദിനത്തിലെ പിതൃബലിയാണ് അവയിൽ മുഖ്യം. ആരോഗ്യരക്ഷയ്ക്കും ആയുർവേദ ചികിത്സയ്ക്കുമുള്ള അനുയോജ്യ സമയം കൂടിയാണ് കർക്കിടകം. പ്രാർത്ഥനകൾ മഴയായി പെയ്തിറങ്ങുന്ന കർക്കിടകത്തിൽ, നാലമ്പല ദർശനം ശ്രേയസ്‌കരവും പാപനാശകവുമാണെന്നാണ് വിശ്വാസം. കർക്കിടകത്തിന്റെ അവസാനം കൊല്ലവർഷത്തിന്റെ വിടവാങ്ങൽ കൂടിയാണ്. ഒപ്പം പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ അവസാനവും.

https://youtu.be/UAZqsORFDc4

KarkidakamRamayana Masam
Comments (0)
Add Comment