മന്ത്രി മാത്യു ടി തോമസിനെതിരെ പരാതിയുമായി മുന്‍ ജീവനക്കാരി

Jaihind News Bureau
Thursday, July 19, 2018


ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനും ഭാര്യക്കുമെതിരെ പരാതിയുമായി മന്ത്രിമന്ദിരത്തിലെ മുൻ ജീവനക്കാരി രംഗത്ത്. മന്ത്രിയുടെ ഭാര്യ  മരുമകൻെറ ഷൂ തുടയ്ക്കാൻ ആവശ്യപ്പെട്ടതിൽ വിസമ്മതിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കാൻ കള്ളക്കേസിൽ കുടുക്കിയെന്നും ജീവനക്കാരി പറയുന്നു. ജീവനക്കാരിൽ പലരെയും വീട്ടുജോലികൾ ചെയ്യിപ്പിക്കാറുണ്ടെന്നും ജീവനക്കാരി വെളിപ്പെടുത്തി. മന്ത്രിയെ കാണാൻ സെക്രട്ടറിയേറ്റിലെത്തിയെങ്കിലും കാണാൻ മന്ത്രി കൂട്ടാക്കിയിലെന്നും ആക്ഷേപം.

മന്ത്രിയുടെ അമ്മയെ ശുശ്രൂഷിക്കാനായാണ് മന്ത്രിയുടെ മണ്ഡലത്തിലെ തന്നെ താമസക്കാരിയായ നൂറനാട് സ്വദേശി ഉഷ മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാത്യു ടി തോമസിൻെറ വീട്ടിലെത്തുന്നത്. തുടർന്ന് മാത്യു ടി തോമസ് മന്ത്രിയായതിന് ശേഷം ക്ലിഫ് ഹൌസിലെ താല്കാലിക ജീവനക്കാരിയായി മന്ത്രി ജോലി നൽകി. ഔദ്യോഗിക വസതിയിൽ ജോലിക്കാരിയായി നിൽക്കെ മന്ത്രിയുടെ മരുമകൻെറ ഷൂ തുടയ്ക്കാൻ മാത്യുടി തോമസിൻെറ ഭാര്യ ആവശ്യപ്പെട്ടതിൽ വിസമ്മതിച്ചതാണ് കളളക്കേസിൽ കുടുക്കാൻ കാരണമെന്ന് ഉഷ പറയുന്നു.

മന്ത്രി മന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയെ കൊണ്ട് മന്ത്രിയുടെ ഭാര്യ ഇടപെട്ട്  പണം മേഷ്ടിച്ചെന്ന കേസ് കൊടുത്തെന്നാണ് പരാതി. കേസിൽ കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം ഉപദ്രവിക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും ഉഷ വ്യക്തമാക്കി.

ഇക്കാര്യം ബോധിപ്പിക്കാൻ മന്ത്രി മന്ദിരത്തിലും, സെക്രട്ടറിയേറ്റിലും പല തവണയെത്തിയെങ്കിലും മാത്യു ടി തോമസ് കാണാൻ കൂട്ടാക്കിയില്ലെന്നും ഉഷ ആരോപിച്ചു.

മന്ത്രിക്കും ഭാര്യക്കുമെതിരെ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഉഷയുടെ കുടുംബം. എന്നാൽ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ ഇവരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കൈവിട്ടാൽ ആത്മഹത്യ മാത്രമെ മുന്നിലുള്ളുവെന്നും ഇവർ പറഞ്ഞു.