ബ്രിട്ടണിലെങ്ങും പ്രതിഷേധത്തിന്‍റെ കോമാളി ബലൂൺ; ട്രംപ് അസ്വസ്ഥന്‍

Jaihind News Bureau
Saturday, July 14, 2018

മൂന്നു ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ ഡോണൾഡ് ട്രംപിന് പ്രതിഷേധക്കാർ നിർമ്മിച്ച കോമാളി ബലൂൺ അസ്വസ്ഥനാക്കി. ട്രംപിൻറെ ബ്രിട്ടൻ സന്ദർശനം തുടങ്ങും മുമ്പ്തന്നെ വിവാദം ശക്തമായിരുന്നു. പ്രസിഡൻറ് പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാൻ ഒട്ടനവധി അളുകൾ എത്തുന്നുണ്ട്.

ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡൻറിനും ഇത്ര മോശമായ അധിക്ഷേപവും സ്വീകരണം കിട്ടിയിട്ടില്ല. ഒരു ലക്ഷത്തോളം പേരാണ് ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിയത്. കാർട്ടൂൺ കഥാപാത്രത്തിൻറെ മാതൃകയിൽ പ്രതിഷേധക്കാർ തയാറാക്കിയ കൂറ്റൻ ‘കോമാളി ബലൂൺ ട്രംപിന’ മാധ്യമങ്ങളും നെഞ്ചിലേറ്റിക്കഴിഞ്ഞു. കോമാളിച്ചിരിയോടെ നിൽക്കുന്ന 20 അടി ഉയരമുള്ള പടുകൂറ്റൻ ട്രംപ് ബലൂണിന് 16,000 പൗണ്ടാണ് നിർമാണച്ചെലവ്. ബേബി ട്രംപിനെ ബലൂണിൽ പ്രതിഷേധക്കാർ വെസ്റ്റ്മിനിസ്റ്ററിലെ പാർലമെൻറ് മന്ദിരത്തിനു സമീപം ആകാശത്തിൽ ഉയർത്തിയിട്ടുണ്ട്. ലണ്ടൻ മേയർ സാദിഖ് ഖാൻറെയും, പ്രതിപക്ഷനേതാവ് ജെറമി കോർബിൻറെയും നിശബ്ദപിന്തുണയും പ്രതിഷേധക്കാർക്കുണ്ട്.
അമേരിക്കൻ പ്രസിഡൻറ് സ്ഥാനം ഏറ്റശേഷം ആദ്യമായി ബ്രിട്ടനിലെത്തിയ ട്രംപിന് രാത്രി പ്രധാനമന്ത്രി തെരേസ മേയ് അത്താഴവിരുന്നു നൽകിയിരുന്നു. പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും പ്രസിഡൻറ് കൂടിക്കാഴ്ച നടത്തി. പിന്നീട് വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും സന്ദർശനം നടത്തി.