പി.വി അൻവർ എം.എൽ.എ യുടെ വിവാദ വാട്ടർ തീം പാർക്കിലെ കുളങ്ങൾ വറ്റിച്ചു

Jaihind News Bureau
Wednesday, June 20, 2018

കൂടരഞ്ഞി പഞ്ചായത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് പി.വി അന്‍വര്‍ എം.എല്‍‌.എയുടെ കക്കാടംപൊയിലിലെ വിവാദ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിച്ചത്. അതിനിടെ പാർക്കിന്റെ ലൈസൻസ് ഉടനടി പുതുക്കി നൽകേണ്ടെന്ന ആലോചനയിലാണ് കൂടരഞ്ഞി പഞ്ചായത്ത്.

പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിലെ 4 കുളങ്ങളിലെ വെള്ളവും പാർക്ക് അധികൃതർ വറ്റിച്ചു. ഇന്നലെ വൈകുന്നേരത്തിനകം കുളങ്ങളിലെ വെള്ളം വറ്റിച്ച് റിപ്പോർട്ട് നൽകണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പാർക്ക് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം പാർക്കധികൃതർ നടപ്പാക്കിയിരുന്നില്ല.

ഇന്ന് രാവിലെയാണ് വെള്ളം ഒഴിവാക്കുന്ന നടപടി ആരംഭിച്ചത്. ഉച്ചയോടെ വെള്ളം പൂർണമായും വറ്റിച്ചു. 2 ലക്ഷം ലിറ്റർ വെള്ളം ഉണ്ടായിരുന്ന സംഭരണികളിൽ ഇപ്പോൾ മഴവെള്ളം മാത്രമാണുള്ളത്. കനത്ത മഴ തുടരുകയും പാർക്കിൽ മണ്ണിടിച്ചിൽ ഉണ്ടാകുയും ചെയ്ത സാഹചര്യത്തിൽ ഇത്രയധികം വെള്ളം മലമുകളിൽ കെട്ടിനിർത്തുന്നതിലുള്ള അപകടസാധ്യത മുന്നിൽകണ്ട് പഞ്ചായത്തും ജില്ലാ ഭരണകൂടവും സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു.

രണ്ട് മലകൾ ഇടിച്ചാണ് പാർക്ക് ഉണ്ടാക്കിയിട്ടുള്ളത്. കോൺക്രീറ്റ് കാലുകളിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയിലെ വെള്ളം വറ്റിക്കാത്തതിനെതിരെ രാവിലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉരുൾപൊട്ടലുൾപ്പടെയുള്ള സംഭവങ്ങളുണ്ടായിട്ടും പാർക്കുടമയായ പി.വി അൻവർ എം.എൽ.എ സ്ഥലത്തെത്താത്തതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

അതിനിടെ പാർക്കിന്റെ ലൈസൻസ് ഈ മാസം അവസാനിക്കും. ഇത് പുതുക്കി നൽകാൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഉടനടി അതുണ്ടാകില്ലെന്നാണ് സൂചന. ജിയോളജി വകുപ്പിന്റെതുൾപ്പടെ എല്ലാ സുരക്ഷാവിഭാഗത്തിന്റെയും പരിശോധനയ്ക്ക് ശേഷമെ ലൈസൻസ് പുതുക്കി നൽകുന്നകാര്യം കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിക്കു എന്നാണ് സൂചന.