പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടികൂടി

Jaihind News Bureau
Tuesday, June 26, 2018

പാലക്കാട് വൻ കഞ്ചാവ് വേട്ട. എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിലായി യ നടത്തിയ പരിശോധനയിൽ 23 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് അധികൃതർ ഒലവക്കോട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 10.25 കിലോ കഞ്ചാവും പൊലീസ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിൽ 12.5 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

ഒലവക്കോട് നിന്നും 6.2 കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശി അൻഷാദ്, കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലങ്കോട് ബസിൽ നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. തിരൂർ സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് റാഷിദ്, സെയ്ഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

ഒറ്റപ്പാലത്തുനിന്ന് പൊലീസ് പരിശോധനയിൽ 12.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ തേനി സ്വദേശി സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.