ദിലീപിനെ തിരിച്ചെടുത്ത തീരുമാനം; നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു

Jaihind News Bureau
Wednesday, June 27, 2018

താരസംഘടനയായ അമ്മയിലെ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. നാല് നടിമാർ രാജിവെച്ചു. ആക്രമിക്കപ്പെട്ട നടി ഗീതുമോഹൻദാസ്, റീമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് രാജിവെച്ചത്. സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്ന് നടിമാർ വ്യക്തമാക്കി.

അമ്മയുടെ നടപടിക്കെതിരെ നടി റിമ കല്ലിങ്കൽ ആദ്യം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആക്രമിക്കപ്പെട്ട നടി അമ്മയിൽ നിന്നും രാജിവെച്ചു. വുമൻ ഇൻ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടി രാജി പ്രഖ്യാപിച്ചത്.

നടിക്ക് പിന്നാലെ അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് നടിമാരായ രമ്യാ നമ്പീശൻ, ഗീതു മോഹൻ ദാസ്, റിമ കല്ലിംഗൽ എന്നിവരും രാജിവെച്ചു. കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്നും ഒരു മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ, താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും അതിനാൽ ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർഥമില്ല എന്ന് മനസിലാക്കി രാജി വെക്കുന്നു എന്നുമാണ് ആക്രമിക്കപ്പെട്ട നടി പ്രതികരിച്ചത്.

അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്നു പറഞ്ഞാണ് മറ്റ് നടിമാർ രാജി വെച്ചത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും എന്നാൽ സ്ത്രീ സൗഹാർദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും സംഘടന നടത്തിയിട്ടില്ല എന്നും ഓർമിപ്പിച്ചുകൊണ്ടായിരുന്നു നടിമാരുടെ രാജി. അമ്മയിൽ നിന്നും രാജിവെക്കാനുള്ള നടിയുടെ തീരുമാനത്തോട് ഐക്യപ്പെട്ടുകൊണ്ടാണ് രാജിയെന്നും ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നുവെന്നും നടിമാർ വ്യക്തമാക്കി.[yop_poll id=2]