ജമ്മുവില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍

Jaihind News Bureau
Sunday, July 22, 2018

ജമ്മു-കശ്മീരിലെ കുൽഗാമിൽ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് കോൺസ്റ്റബിൾ സലിം ഷായെ ഇന്നലെ പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്. അതേസമയം കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുൽഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സി.ആർ.പി.എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

അതേസമയം ഭീകരരെ പിടികൂടാനെത്തിയ സൈന്യത്തിന് നേരെ പ്രദേശവാസികൾ കല്ലേറ് നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പോലീസ് കോൺസ്റ്റബിൾ സലീം ഷായെ മുതൽഹാമ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയത്. മുതൽഹാമ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സലീം ഷായെന്ന പോലീസ് കോൺസ്റ്റബിളിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വീടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് സലീം ഷായുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.