ചാമ്പ്യൻസ് ട്രോഫി ഹോക്കി 2018 : അർജന്റീനയെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യ

Jaihind News Bureau
Monday, June 25, 2018

ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ ഞെട്ടിച്ച് ഇന്ത്യൻ ഹോക്കി ടീം. ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ അർജന്റീനയെ 2-1ന് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി. ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ഇന്ത്യ നേരത്തെ ബദ്ധവൈരികളായ പാകിസ്ഥാനെ 4-0ന് പരാജയപ്പെടുത്തിയിരുന്നു.

17ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കിയ ഹർമൻപ്രീത് സിംഗും 28ആം മിനിറ്റിൽ മന്ദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

അർജന്റീനയുടെ ഏക ഗോൾ പിറന്നത് ഗോൺസാലോ പെയ്‌ലറ്റിന്റെ സ്റ്റിക്കിൽ നിന്നായിരുന്നു.

ഈ വിജയത്തോടെ 6 ടീമുകളുടെയും പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. 27ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കാൽമുട്ടിനേറ്റ പരിക്ക് കാരണം രമൺദീപ് സിംഗ് ഞായറാഴ്ച കളിക്കാനിറങ്ങിയില്ലെങ്കിലും ഇന്ത്യയുടെ ഫോർവേഡ് ലൈൻഅപ് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പോരായ്മയായി കണ്ടിരുന്ന ഡിഫൻസിലും ഇന്ത്യൻ ആധിപത്യം കാണാനായി.

തന്റെ 300ആം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ സർദാർ സിംഗ് മിഡ് ഫീൽഡിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തെന്ന് മാത്രമല്ല ഫോർവേഡ് ലൈൻഅപ്പുമായി ചേർന്ന് നിരവധി അവസരങ്ങളാണ് ഒരുക്കിയത്.

ഇന്ത്യൻ പ്രതിരോധങ്ങൾ അതിവേഗം മറികടന്ന് അർജന്റീന കളിച്ചെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ കിട്ടിയ മൂന്ന് പെനാൽറ്റികളും അവർ പാഴാക്കി.

37ആമത്തേതും അവസാനത്തേതുമായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനാണ് ഇക്കുറി നെതർലാൻഡ്‌സ് വേദിയാകുന്നത്. 2019 ൽ ചാമ്പ്യൻസ് ട്രോഫി ഹോക്കി പ്രോ ലീഗിന് വഴിമാറുകയാണ്.