കുടിയേറ്റനയം മെറിറ്റടിസ്ഥാനത്തിലാകണമെന്ന് ട്രംപ്: തീരുമാനം ഇന്ത്യക്കാര്‍ക്ക് സഹായകരം

Jaihind News Bureau
Tuesday, June 26, 2018

അമേരിക്കയിലെ നിലവിലെ കുടിയേറ്റനയം നിയമപരമായി ഇവിടേക്ക് വന്നവരോടും വർഷങ്ങളായി നിയമനടപടികൾ പാലിച്ച് കാത്തിരിക്കുന്നവരോടും കടുത്ത അനീതിയാണ് പുലർത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

നിലവിലെ കുടിയേറ്റനയത്തിന്മേൽ ശക്തമായ വാദപ്രതിവാദങ്ങൾ നടക്കവെയാണ് മെറിറ്റടിസ്ഥാനത്തിലുള്ള കുടിയേറ്റനയത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ട്രംപിന്റെ നിലപാട്.
ലോകത്തിന് മുന്നിൽ അമേരിക്കയെ അപഹാസ്യമാക്കുന്ന തരത്തിലാണ് നിലവിലെ കുടിയേറ്റനയം. മെരിറ്റടിസ്ഥാനത്തിലുള്ള കുടിയേറ്റനയമാണ് നമുക്കാവശ്യം. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന ആളുകളെ നമുക്ക് സംഭാവന ചെയ്യും. ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അനുകൂലമായ നിലപാടാണ് ഒടുവിൽ കുടിയേറ്റവിഷയത്തിൽ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള നിയമപരമായ അനുമതി തേടി ഒരു ദശാബ്ദത്തിലേറെയായി കാത്തിരിക്കുന്ന ഇന്ത്യാക്കാരുണ്ടെന്നാണ് കണക്കുകൾ. ട്രംപ് മുന്നോട്ടുവയ്ക്കുന്ന മെറിറ്റടിസ്ഥാനത്തിലുള്ള കുടിയേറ്റനയം ഏറ്റവുമധികം സഹായിക്കുന്നതും ഇവരെത്തന്നെയാകും.

”ഇത്രയും ആളുകൾ നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറുന്നത് അനുവദിക്കാനാകില്ല. അനധികൃതമായി ആരെങ്കിലും രാജ്യത്ത് പ്രവേശിച്ചാൽ, കോടതി നടപടികളോ ജഡ്ജിമാരോ ഇല്ലാതെതന്നെ ഉടൻ അവരെ തിരിച്ചയയ്ക്കണം.” മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.