ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്; അമേരിക്കയോട് ഭീഷണി തുടർന്നാൽ അനന്തരഫലങ്ങൾ അനുഭവിക്കും

Jaihind News Bureau
Tuesday, July 24, 2018

ഇറാനെതിരെ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്‍റെ പറഞ്ഞു.

ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഭീഷണി ഉയർത്തിയത്. ‘ഇനി ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താൽ ചരിത്രത്തിൽ ഇതുവരെ അനുഭവിക്കാത്ത അനന്തരഫലങ്ങളെ നേരിടേണ്ടി വരും. നിങ്ങളുടെ അക്രമ താൽപ്പര്യങ്ങൾക്കായി നിലനിൽക്കുന്ന രാജ്യമായിരിക്കില്ല അമേരിക്ക ഇനി ഒരിക്കലും’ എന്നാണ് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയെ അഭിസംബോബാധന ചെയ്ത് ട്രംപ് ട്വീറ്റ്‌ചെയ്തത്.

അമേരിക്കക്ക് റൂഹാനി നേരത്തേ കനത്ത താക്കീത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപിന്‍റെ പ്രതികരണം. സിംഹമടയിൽ കയറിക്കളിക്കരുതെന്നാണ് റൂഹാനി ട്രംപിന് മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി യുദ്ധത്തിന് ഇറങ്ങിയാൽ അത് എല്ലാ യുദ്ധങ്ങളുടെയും മാതാവാകുന്ന യുദ്ധമായിരിക്കുമെന്നും റൂഹാനി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഉൾപ്പെടെ എല്ലാ നീക്കുപോക്കുകളും അവസാനിപ്പിക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്ക നിർദ്ദേശം നൽകുകയുംചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കക്കെതിരെ ഇറാൻ പ്രസിഡന്‍റ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.