ഒമ്പതിനായിരം കോടി രൂപ വായ്പാ കുടിശികവരുത്തി ഇന്ത്യയിൽനിന്നു കടന്നുകളഞ്ഞ വിജയ് മല്യക്കു ബ്രിട്ടീഷ് ഹൈക്കോടതിയിൽ തിരിച്ചടി. മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വഴിതെളിക്കുന്ന വിധി ഇന്നലെയുണ്ടായി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 13 ബാങ്കുകളുടെ ഹർജിയിലാണ് ഉത്തരവ്.
എൻഫോഴ്സ്മെൻറ് ഓഫീസർക്കോ അയാൾ നിയോഗിക്കുന്ന എജന്റിനോ, മല്യയുടെ ബ്രിട്ടനിലെ ആസ്തികളിൽ ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചു പ്രവേശിച്ചു പരിശോധന നടത്താനും വസ്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഉത്തരവ് അധികാരം നല്കുന്നു. ലണ്ടനടുത്ത് മല്യ താമസിക്കുന്ന ഹെർട്ട്ഫോഡ്ഷയറിലെ ബംഗ്ലാവിലും അവിടത്തെ തോട്ടത്തിലും മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്താനുള്ള അധികാരമാണ് കോടതി നല്കിയിരിക്കുന്നത്. മല്യ തരാനുള്ള പണം വീണ്ടെടുക്കാൻ ഈ ഉത്തരവ് ഇന്ത്യൻ ബാങ്കുകൾക്കു പ്രയോജനപ്പെടുത്താനാകുമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പണംവെളുപ്പിക്കൽ, തട്ടിപ്പു കുറ്റങ്ങൾക്കു മല്യക്കെതിരേ ഇന്ത്യയിൽ കേസുകളുണ്ട്. മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ വേറെ കേസ് നടക്കുന്നുണ്ട്. ഈ കേസിൽ മല്യ ജാമ്യത്തിലാണ്.
https://www.youtube.com/watch?v=Je32Px2RWn8