പഞ്ചാബ് ബാങ്ക് തട്ടിപ്പ് : മല്യക്ക് പിന്നാലെ നീരവ് മോദിയെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് കോടതി

Jaihind News Bureau
Thursday, December 5, 2019

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് മുംബൈയിലെ പ്രത്യേക കോടതി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദി ഇപ്പോള്‍ യു.കെയില്‍ അറസ്റ്റിലാണ്. രാജ്യം വിട്ടുപോയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരവ് മോദി. നേരത്തെ വിജയ് മല്യയെയും കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി (ഫുജിറ്റീവ് ഇക്കോണമിക് ഒഫൻഡർ) പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി ജനുവരിയില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് മുംബൈ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. പഞ്ചാബ് നാഷണല് ബാങ്കില്‍ നിന്ന് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി വിദേശത്തേക്ക് മുങ്ങിയത്. കേസില്‍ നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയുമാണ് പ്രധാന പ്രതികള്‍. ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം വിജയ് മല്യയെയും മുംബൈയിലെ പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 9,000 കോടി രൂപ വായ്‌പയെടുത്താണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ മല്യക്ക് പിന്നാലെ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരവ് മോദി. ഒരാളെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ അയാളുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാനാവും. ഇത് സംബന്ധിച്ച ഫുജിറ്റീവ് ഇക്കോണമിക് ഒഫെന്‍ഡേഴ്‍സ് ആക്റ്റ് കഴിഞ്ഞ വർഷമാണ് കൊണ്ടുവന്നത്. അതേസമയം മല്യയെയും നീരവ് മോദിയെയും രാജ്യം വിടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.